Top

'പൊലീസുകാരെ ആക്രമിച്ചു'; ടി സിദ്ദിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍, ആക്രമണം തനി കോണ്‍ഗ്രസുകാരന്റെ രീതിയിലെന്ന് സിപിഐഎം

ഗണ്‍മാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

26 Jun 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസുകാരെ ആക്രമിച്ചു; ടി സിദ്ദിഖിന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍, ആക്രമണം തനി കോണ്‍ഗ്രസുകാരന്റെ രീതിയിലെന്ന് സിപിഐഎം
X

വയനാട്ടില്‍ സമരത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാന്‍ കെവി സ്മിബിനെ സസ്‌പെന്‍ഡ് ചെയ്തു. സ്മിബിന്‍ പൊലീസുകാരെ ആക്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെയാണ് എംഎല്‍എയുടെ ഗണ്‍മാനായ സ്മിബിന്‍ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് പൊലീസില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.

സ്മിബിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ''സിദ്ദിഖിനൊരു ഗണ്‍മാനുണ്ട്. ഗണ്‍മാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണ്‍മാന്‍ യൂണിഫോമില്‍ അല്ല. സ്ഥലത്ത് സിദ്ധീഖില്ല. തനി കോണ്‍ഗ്രസുകാരന്റെ രീതിയിലാണ് യൂണിഫോമിലുള്ള പൊലീസുകാരെ തള്ളിമാറ്റുന്നത്. ഗൗരവമേറിയ പ്രശ്‌നമാണ്.''-

അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നും ആവര്‍ത്തിച്ചു.

എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.. അക്രമത്തില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. വയനാട് ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തില്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോണ്‍ഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Next Story