Top

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതികളെ നാളെ ഹാജരാക്കണം

19 Jun 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതികളെ നാളെ ഹാജരാക്കണം
X

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രണ്ട് പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ളത്. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് തിരുവനന്തപുരം സെഷൻസ് ജഡ്ജി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പൊലീസ് ദ്രുദഗതിയിലാക്കിയത്. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം അപേക്ഷയില്‍ പറയുന്നത്.

ഇതിനിടെ സംഭവം കണ്ട വിമാനയാത്രക്കാരുടെ മൊഴിയെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. പരാതിക്കാരനായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറുമായുള്ള തെളിവെടുപ്പും പൂര്‍ത്തീകരിച്ചു. വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രഖ്യാപിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്ന് പൊലീസ് പറയുന്നു.

Story Highlight: assassination attempt to cm; case in court

Next Story