'കാലിലെ നീര് കണ്ടപ്പോള്‍ എത്ര വേദന അദ്ദേഹം സഹിക്കുന്നെന്ന് ഓര്‍ത്തു, പക്ഷെ...'; ഇന്ന് മുഖ്യമന്ത്രിയെ കണ്ടതിനേക്കുറിച്ച് ആര്യ, സുധാകരന് മറുപടി
തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി പറയുമെന്നും ആര്യ
17 May 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാലിലെ നീര് തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ അതിന്റെ വേദനകളെല്ലാം മറന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്ന് ആര്യ പറഞ്ഞു.
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും മലയാളികള്‍ തല കുനിക്കില്ലെന്ന ചരിത്രം സുധാകരനടക്കമുള്ളവര്‍ക്ക് ഓര്മ്മയുണ്ടെന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
ആര്യാ രാജേന്ദ്രന് പറഞ്ഞത്: ''അച്ഛന്റെ കാലില്‍ നീര് കാണുമ്പോള്‍ അമ്മ പറയും വിശ്രമിക്കാത്തത് കൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛന് വിശ്രമിച്ചു ഞാന്‍ കണ്ടിട്ടില്ല. പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്.''
''സോഷ്യല്‍മീഡിയയില്‍ കുറേ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീ.കെ സുധാകരന് ബഹു.മുഖ്യമന്ത്രിയെ പറ്റി പറയുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ രാവിലെ നിഷ് ല്‍ പരിപാടിക്കെത്തിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്.''
''അദ്ദേഹം കാറില്‍ നിന്നിറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.''
''എന്റെ അച്ഛനെ പോലെ ഒരു കുടുംബത്തെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ: പിണറായി വിജയന്. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം ശ്രീ.കെ സുധാകരനടക്കമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്. തൃക്കാകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതിന് മറുപടി പറയും..''
'സുധാകരന്റേത് നെറികെട്ട പ്രസ്താവന'; പ്രതിഷേധമുയരണമെന്ന് സിപിഐഎം
കെപിസിസി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐഎം.
''തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്.'' ഇതിന്റെ ഫലമായി സമനില നഷ്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.
''കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ് രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയ സംസ്കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറും.''-സിപിഐഎം പറഞ്ഞു.