ആര്‍എസ്എസിനെതിരായ ലേഖനം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന 'മാതൃഭൂമി'യുടെ ആവശ്യം സുപ്രീംകോടതി തള്ളി
ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്
27 March 2022 3:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരായ ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നേരത്തെ ഹൈക്കോടതി തള്ളിയ ഹര്‍ജിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി തീര്‍പ്പാക്കിയിരിക്കുന്നത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
ജസ്റ്റിസ് സോഫിയ തോമസിന്റെ ഹൈക്കോടതി ബെഞ്ച് നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. മാതൃഭൂമി കമ്പനിക്കും ഒമ്പതുപേര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി പി ഗോപാലന് കുട്ടി മാസ്റ്ററായിരുന്നു മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2011 ഫെബ്രുവരി 27ന് 'ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയായിരുന്നു പരാതി. ലേഖനം സംഘടനയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അപകീര്‍ത്തിയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു പരാതിക്കാരന്റെ വാദം. ലേഖനം വ്യത്യസ്ത വിഭാങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുന്നതുമാണ് എന്നും പരാതിപ്പെടുന്നു.
ആര്‍എസ്എസിനെതിരായ ലേഖനം നലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതി നല്കാന് ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഹര്‍ജിക്കാരന്റെ വ്യക്തിപരമായ യശസ്സിനെ ബാധിക്കണമെന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ആര്‍എസ്എസ് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സംഘടനയാണെന്ന അലഹബാദ് ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും വിധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
STORY HIGHLIGHTS: Article against RSS; The Supreme Court has rejected Mathrubhumi's demand to quash the defamation case