Top

'കഞ്ചാവ് ഞാന്‍ വലിക്കും സാറേ...' എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്‌ളോഗര്‍ 'കഞ്ചാവ് ക്ലാസെ'ടുത്ത സംഭവത്തില്‍ അന്വേഷണം

വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

11 Aug 2022 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഞ്ചാവ് ഞാന്‍ വലിക്കും സാറേ... എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്‌ളോഗര്‍ കഞ്ചാവ് ക്ലാസെടുത്ത സംഭവത്തില്‍ അന്വേഷണം
X

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് 'കഞ്ചാവ് ക്ലാസ്' എടുത്ത സംഭവത്തില്‍ അന്വേഷണം.

അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ് കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവരുകയും ചെയ്തിരുന്നു. ഇതോടെയാണ് വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. എക്സൈസ് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കാന്‍ പ്രതിക്ക് സ്വാതന്ത്ര്യം നല്‍കിയതും ഇത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചതുമാണ് പരാതികള്‍ക്ക് കാരണമായത്.

കഞ്ചാവ് മയക്കുമരുന്ന് അല്ല, മരുന്നാണ്. തന്റെ രോഗത്തിന് ഏറെ ഫലപ്രദമായ മരുന്നാണ് കഞ്ചാവെന്നും അതുകൊണ്ടാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഫ്രാന്‍സിസ് വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോയില്‍ ഫ്രാന്‍സിസ് നെവിന്‍ പറഞ്ഞത്: ''ചീര തിന്നാറുണ്ടോ. കാബേജ് തിന്നാറുണ്ടോ. കാരറ്റ് തിന്നാറുണ്ട്. ചായ കുടിക്കാറുണ്ട്. കാപ്പി കുടിക്കാറുണ്ട്. ഇതൊക്കെ എന്താണെന്ന് ചോദിക്കുമ്പോള്‍ പറയും. അതെല്ലാം പച്ചക്കറികളാണെന്ന്. പിന്നെ കഞ്ചാവ് എന്താണ് സാറേ. അതും ഭൂമിയില്‍ വിത്ത് വീണ് മുളച്ച് വളരുന്ന ചെടിയാണ്. കഞ്ചാവ് മയക്കുമരുന്ന് അല്ല. അതൊരു മരുന്നാണ്. അതുകൊണ്ടാണ് ഞാന്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. കഞ്ചാവ് എന്റെ രക്തമാണ്, ജീവിതമാണ്. ഞാന്‍ മരിക്കുന്നത് വരെ ഇത് വലിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. കാരണം കഞ്ചാവ് തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. കാരണം അത് ഭൂമിയില്‍ വിത്ത് മുളച്ച് വരുന്ന ചെടിയാണ്.''

''ഈ ഭൂമിയില്‍ എന്തൊക്കെയുണ്ട് സാറേ. ഈ ലോകത്ത് ഏറ്റവും വിഷമുള്ളത് എന്താണെന്ന് സാറിന് അറിയുമോ. ഞാനും സാറുമൊക്കെയാണ്. മനുഷ്യരാണ്. ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. ഭൂമിയെ മതവും ദൈവവുമായി കണ്ട് സ്നേഹിക്കുന്ന വ്യക്തിയാണ് ഞാന്‍. മനസിലായോ. ഇനി നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാം എന്നെക്കുറിച്ച്. ഞാന്‍ ഇനി ഒന്നിനുമില്ല. ആരുമായിട്ട് മത്സരിക്കാനോ തല്ല് പിടിക്കാനോ ഞാനില്ല.''

''ഞാനൊരു രോഗിയാണ്. സംസാരശേഷിയും കാഴ്ചശക്തിയും പോയതാണ്. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലായിരുന്നു. ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മരുന്ന് വാങ്ങാന്‍ എന്റെ കൈയില്‍ പൈസയില്ല, സാറേ. എന്നോടൊരു യോഗിയും വെള്ളക്കാരുമാണ് പറഞ്ഞത് നിന്റെ അസുഖത്തിന് ഏറ്റവും നല്ല മരുന്ന് കഞ്ചാവാണെന്ന്. അങ്ങനെയാണ് ഞാന്‍ കഞ്ചാവ് നിത്യവും ഉപയോഗിക്കാന്‍ തുടങ്ങിയത്. കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് ഞാന്‍ നടക്കാന്‍ തുടങ്ങിയതും സംസാരിക്കാന്‍ തുടങ്ങിയതും. ഇത് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. എന്റെ അസുഖം ഒരുദിവസം നിങ്ങള്‍ക്കും വരും. അപ്പോള്‍ നിങ്ങള്‍ അനുഭവിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.''

''ഇവിടെ സിഗരറ്റ് വലിക്കാം. സിഗരറ്റ് വലിക്കുന്നത് പ്രകൃതിക്ക് എതിരാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ക്യാന്‍സര്‍ വരുമെന്നും. നിങ്ങ മരിച്ചോ. എന്തിനാണ് നമ്മള്‍ക്ക് ജീവന്‍ നല്‍കുന്ന ചെടികളെ കൊല്ലുന്നത്. നമ്മള്‍ വലിക്കുന്നതിന്റെ ബാക്കി അവരാണ് വലിക്കുന്നത്. അതിനൊന്നും ഒരു കുഴപ്പവുമില്ല.''

Next Story