'മൗദൂദി സാഹിബ് ഇവിടെയുണ്ടാക്കിയ നാശം ചെറുതല്ല'; ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പേരോട് അബ്ദുറഹ്മാന് സഖാഫി
'സ്വന്തം ഭരണമില്ലാത്ത ദീനുള്ള സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കാത്ത സങ്കല്പ്പ വീടുപോലെയാണ്'
9 May 2022 1:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ഇസ്ലാമിനേയും ഇന്ത്യന്‍ മുസ്ലിംകളേയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചെറിയ പങ്കൊന്നുമല്ല ജമാ അത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദി വഹിച്ചിട്ടുള്ളതെന്ന് എപി സമസ്ത വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന് സഖാഫി. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എസ്എസ്എഫ്) ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായ എന്‍ഹാന്‍സ് ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനും ഇസ്ലാമിനെ തെറ്റിദ്ധരിക്കാനും കാരണമാകുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ വാക്കുകള്‍:
മൗദൂദി സാഹിബ് ഇവിടെയുണ്ടാക്കിയ നാശം ചെറുതല്ല. എന്റെ മുസ്ലിം ചെറുപ്പക്കാരോട് വളരെ വിനയത്തോടുകൂടി പറയുകയാണ്, ഇസ്ലാമിനേയും ഇന്ത്യന്‍ മുസ്ലിംകളേയും തെറ്റിദ്ധിരിപ്പിക്കുന്നതില് ചെറിയ പങ്കൊന്നുമല്ല മൗദൂദി സാഹിബ് വഹിച്ചിട്ടുള്ളത്. അതിന് ഞാന്‍ ചെറിയൊരു ഉദാഹരണം പറയും. 1979ല്‍ അച്ചടിച്ച ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയാണ് എന്റെ കയ്യിലുള്ളത്. ഇന്ത്യയിലെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനും ഇസ്ലാമിനെ തെറ്റിദ്ധരിക്കാനും കാരണമാകുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഈ ചെറു കൃതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇത് വായിച്ചു പഠിച്ച പലരും ഇന്ത്യയിലെ മുസ്ലിംകളെ ജനാധിപത്യത്തിന്റെ ശത്രുക്കളായും മതരാഷ്ട്രവാദികളായി ചിത്രീകരിക്കാനും മുസ്ലിംകളെ മൊത്തം തെറ്റിദ്ധരിക്കാനും കാരണമായിട്ടുണ്ട്. ഇതില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, 'മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് പ്രസ്താവിക്കുന്നു, ആധുനിക- മതേതര ദേശീയ ജനാധിപത്യം ഇസ്ലാമിനും ഈ നാടിനും കടകവിരുദ്ധമാണ്. നിങ്ങള്‍ അതിനുമുന്നില്‍ തലകുനിക്കുകയാണെങ്കില്‍ ഖുര്‍ആനെ പിന്നോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങള്‍ അതിന്റെ സ്ഥാപനത്തിനും നടത്തിപ്പിനും പങ്കെടുക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങള്‍ അതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും.'
ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകള്, ഇന്ത്യയൊരു ബഹുസ്വര രാജ്യമാണ്. ഇന്ത്യയിലെ മുസ്ലിംകള് വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ ഇന്ത്യാ രാജ്യത്തെ മുസ്ലിംകള് എങ്ങനെയാണ് ജീവിക്കേണ്ടതെന്നും ഏത് ആദര്‍ശമാണ് പുലര്‍ത്തേണ്ടതെന്നും ഇവിടെ ഏത് സമീപന രീതിയാണ് സ്വീകരിക്കേണ്ടതെന്നും ഇന്ത്യയില്‍ ജീവിച്ചുപോയ ധാരാളം ഇമാമുകളും, എങ്ങനെയാണ് അമുസ്ലിം സഹോദരന്മാരോട് സമീപിക്കേണ്ടതെന്നും അവരോട് സൗഹാര്‍ദ്ദം പങ്കിട്ടുകൊണ്ട് ഇവിടെ ജീവിക്കണമെന്നും മുന്‍കാല പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്.
പുതുതായി രംഗത്തുവന്ന ജമാ അത്തെ ഇസ്ലാമി ഇവിടെ ഒരുപാട് പുത്തന്‍ ആശയങ്ങള്‍ പറഞ്ഞു. മൗദൂദി സാഹിബ് പറഞ്ഞത് എന്താണെന്നുവെച്ചാല്‍, ഏത് പരിതസ്ഥിതിയിലാണെങ്കിലും ഇസ്ലാമിന്റെ ഭരണം സ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കണമെന്നും അതിന് ശ്രമിക്കാതെ ജനാധിപത്യത്തെ അംഗീകരിച്ചാല്‍ അത് ശിര്‍ക്കാണെന്നും നിങ്ങള്‍ പുറത്ത് പോകുമെന്നും പറഞ്ഞ് ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളെ മുഴുവന്‍ മൗദൂദി സാഹിബ് ശിര്‍ക്കായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ വാദം ഇങ്ങനെയാണ്. 'ഒരു രാജാവിനെയാണ് നിങ്ങള്‍ വിധികര്‍ത്താവായി സ്വീകരിച്ചതെങ്കില്‍ ആ രാജാവിന്റെ ദീനില്‍ നിങ്ങള്‍ പ്രവേശിച്ചു. ഒരു സമുദായത്തെയാണെങ്കില്‍ ആ സമുദായത്തിന്റെ ദീനിലാണ് നിങ്ങള്‍ പ്രവേശിച്ചത്. ഇനി സ്വന്തം സമുദായത്തിന്റെ പ്രദേശത്തേയോ ഭൂരിപക്ഷത്തേയോയാണ് വിധികര്‍ത്താവായി സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ ആ ഭൂരിപക്ഷത്തിന്റെ ദീനില്‍ പ്രവേശിച്ചു. ചുരുക്കത്തില്‍ ആരെ അനുസരിക്കുക എന്ന മാല നിങ്ങള്‍ കഴുത്തിലിടുന്നുവോ അവരുടെ ദീനിലായിരിക്കും നിങ്ങള്‍ പ്രവേശിക്കുക.
വിശ്വാത്തില്‍ വിധികര്‍ത്താവായി ഒരാളെ സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ സ്വീകരിക്കുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച് ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കുകയും ജീവിതവും ഏര്‍പ്പാടുകളില്‍ മറ്റൊരു നിയമത്തെ അനുസരിച്ച് നടക്കുകയും ചെയ്യുക എന്നതും സാധ്യമാണ് എന്ന് നിങ്ങള്‍ പറയുകയണെന്ന പക്ഷം സാധ്യമാണെന്ന് ഞാനും സമ്മതിക്കുന്നുണ്ട്. സാധ്യമാണെന്നല്ല, അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈ ശിര്‍ക്ക് നഖശിഖാന്തം വ്യാജമാകുന്നു.'
എന്നിട്ട് അദ്ദേഹം പറയുന്നത് എന്താണെന്ന് അറിയുമോ, ഭരണമില്ലെങ്കില്‍ ദീനില്ലെന്നാണ്. സ്വന്തം ഭരണമില്ലാത്ത ദീനുള്ള സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കാത്ത സങ്കല്പ്പ വീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ എന്നുള്ളുവെങ്കില് പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ലാന്‍ ഉണ്ടായിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്.
അദ്ദേഹത്തിന്റെ ആദര്‍ശം തലക്ക് കയറിയ പലരും ജമാ അത്തെ ഇസ്ലാമിയുടെ ആദര്‍ശം സ്വീകരിച്ച് ഇവിടെ പലപ്പോഴും മുസ്ലിംകള് തെറ്റിദ്ധരിക്കപ്പെടും വിധം ഭീകരപ്രസ്ഥാനത്തിന്റേയും തീവ്രവാദത്തിന്റേയും ആശയങ്ങളിലേക്ക് തിരിഞ്ഞുപോവുകയുണ്ടായി.
STORY HIGHLIGHTS: AP Samastha leader Perod Abdurahman Sakhafi against Ja ma ate islami founder Abul A La Maududi