Top

'പിന്തുണച്ചവര്‍ക്ക് നന്ദി, വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം'; പ്രതികരണവുമായി അനുപമ

വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്നാകും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുക.

23 Oct 2021 12:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്തുണച്ചവര്‍ക്ക് നന്ദി, വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം; പ്രതികരണവുമായി അനുപമ
X

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് അനുപമ. പൊലീസ് സ്റ്റേഷനില്‍ എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും അനുപമ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ തന്നെ അഭിഭാഷകനെ കാണുമെന്നും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദത്ത് നടപടികള്‍ നിര്‍ത്തിവെച്ചന്നും സര്‍ക്കാര്‍ വഞ്ചിയൂര്‍ കോടതിയെ അറിയിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്നാകും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുക.

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ വകുപ്പിനും പൊലീസിനും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ സിഡബ്ല്യുസിക്ക് വീഴ്ച്ച പറ്റിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടതായാണ് വിവരം.

ഇതിനിടെ ദത്തിന്റെ വിശദാംശങ്ങള്‍ തേടി സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറു പേരെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story