Top

കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി

കോടതി നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.

24 Nov 2021 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി
X

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ നിർണ്ണായക കോടതി വിധി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കെെമാറാന്‍ തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടു. നിർമ്മല ശിശുഭവനിൽ നിന്ന് കുഞ്ഞിനെയും കോടതിയിലെത്തിച്ച ശേഷമായിരുന്നു വിധി. അനുപമയും അജിത്തും നേരത്തെ കോടതിയിലുണ്ടായിരുന്നു. കുഞ്ഞിൻ്റെ അവകാശം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹർജിയിലാണ് തീരുമാനം.

കുട്ടിയെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് കാണിച്ച് രാവിലെ സിഡബ്ല്യുസി അഡ്വാൻസ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.ഡിഎൻഎ പരിശോധനാ ഫലം അടങ്ങുന്ന റിപ്പോർട്ടും ഇതിനൊപ്പം കോടതിക്ക് കെെമാറി. തുടർന്ന് കേസ് പരിഗണിച്ച കോടതി അനുപമയുടെ കുഞ്ഞിന്റെ ദത്ത് റദ്ദാക്കണമോ എന്ന് സിഡബ്യുസിയോട് ചോദിച്ചു.

യഥാർത്ഥ അമ്മയെ കണ്ടെത്തിയ സാഹചര്യത്തിൽ സിഡബ്യുസി ഇക്കാര്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദത്ത് നടപടികൾ റദ്ദാക്കാൻ അനുപമയും ഹർജി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കുഞ്ഞിനെ കോടതിയിൽ എത്തിക്കാൻ നിർദേശിച്ചു. കോടതി നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് 3 മണിയോടെ കുഞ്ഞിനെ ജഡ്‌ജിയുടെ ചേമ്പറിലെത്തിച്ചത്.

പിന്നാലെ അനുപമയും സി ഡബ്ലുസി അധ്യഷയെയും ജഡ്‌ജി ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിനെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഉറപ്പു വരുത്തുന്നതിനായി ഡോക്ടറുടെ സേവനവും കോടതി തേടി. കുഞ്ഞ് ആരോഗ്യവാനാണെന്ന് നിയമപരമായി ഉറപ്പുവരുത്തിയ ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്‌. കുഞ്ഞിൻ്റെ പരിപൂർണ്ണ അവകാശം അനുപമയ്ക്ക് നൽകി കോടതി ഉത്തരവ് പിന്നാലെ നാലുമണിയോട്‌ അടുത്ത്‌ അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി.

അതേസമയം, ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കപ്പെട്ടു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടിരുന്നു. എന്നാല്‍ രേഖകളില്‍ ഈ സന്ദര്‍ശനം സന്ദര്‍ശനം സംബന്ധിച്ച് പരാമര്‍ശമില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തന്റെ കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന പേരൂര്‍ക്കട പൊലീസും ഇതോടെ പ്രതിസ്ഥാനത്ത് വരും. പിതാവ് ജയചന്ദ്രനും കൂട്ടാളികള്‍ക്കും എതിരായ അനുപമയുടെ പരാതിയില്‍ നാല് മാസം പേരൂര്‍ക്കട പൊലീസ് നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.

Next Story

Popular Stories