Top

'വിജിലൻസിനെ ഉപയോഗിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കുന്നു'; സുപ്രീം കോടതിയെ സമീപിക്കുമെന്ന് അനിൽ അക്കര

8 July 2022 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജിലൻസിനെ ഉപയോഗിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കുന്നു; സുപ്രീം കോടതിയെ സമീപിക്കുമെന്ന് അനിൽ അക്കര
X

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര. സുപ്രീം കോടതിയുടെ റെഗുലർ സിറ്റിംങ് ആരംഭിച്ചാൽ വിജിലൻസ് അന്വേഷണം റദ്ദാക്കാൻ കോടതിയെ സമീപിക്കും. സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ട് പോയത് അനവസരത്തിലാണെന്നും ഈ വിഷയങ്ങളടക്കം സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ പ്രത്യേക ഹർജി നൽകുമെന്നും അനിൽ അക്കര അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

വിജിലൻസ് അന്വേഷണത്തിൽ കെട്ടിട്ടത്തിന്റെ ബലം സംബന്ധിച്ച് സർക്കാരിന് അനുകൂല റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ നൽകിയത്. അത് ശരിയല്ലെന്നും, കാരണം അന്വേഷണം നടത്തേണ്ടിയിരുന്നത് കെട്ടിട്ടം പണിയുന്നതിന് പില്ലറുകൾ സ്ഥാപിക്കുമ്പോൾ ഹാബിറ്റാറ്റിന്റെ എസ്റ്റിമേറ്റിലുള്ള പെെലിംങ് ഒഴിവാക്കിയതായിരുന്നു എന്നും അനിൽ അക്കര പറഞ്ഞു. സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കേസിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അനിൽ അക്കര സുപ്രീംകോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു.

അതേസമയം ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് നൽകി. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിൽ പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹ‍ർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പോസ്റ്റിന്റെ പൂർണ്ണ രൂപം

നേരറിയാൻ സിബിഐ, വിശ്വാസം അതല്ലേ എല്ലാം, നോക്കട്ടെ ഏതറ്റംവരെ പോകുമെന്ന്. നിലവിലുള്ള വിജിലൻസ് അന്വേഷണം സിബിഐ അന്വേഷണം അട്ടിമറിക്കാനാണ്. ഈ വിജിലൻസ് അന്വേഷണം റദ്ദാക്കാൻ സുപ്രീം കോടതിയുടെ റെഗുലർ സിറ്റിംഗ്‌ ആരംഭിച്ചാൽ കോടതിയെ സമീപിക്കും. വിജിലൻസ് അന്വേഷണത്തിൽ കെട്ടിട്ടത്തിന്റെ ബലം സംബന്ധിച്ച് സർക്കാരിനനുകൂല റിപ്പോർട്ടാണ് വിജിലൻസ് കോടതിക്ക് നൽകിയത്. അത് ശരിയല്ല കാരണം അവിടെ അന്വേഷണം നേടത്തേണ്ടത്, കെട്ടിട്ടം പണിയുന്നതിന് പില്ലറുകൾ സ്ഥാപിക്കുമ്പോൾ ഫാബിറ്റാറ്റിന്റെ എസ്റ്റിമേറ്റിലുള്ള പയിലിംഗ് ഒഴിവാക്കിയതായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. അതിന് പുറമെ സരിത്തിനെ പാലക്കാട്‌ വിജിലൻസ് തട്ടിക്കൊണ്ട് പോയതും അനവസരത്തിലാണ്. ഈ വിഷയങ്ങളടക്കം കാണിച്ച്‌ ഈ കേസിൽ ഒരന്വേഷണം മാത്രം മതി. ഈ കാര്യം ആവശ്യപെട്ടാണ് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ പ്രത്യേക ഹർജി അഡ്വ രാജി ജോസഫ് മുഖേന നൽകുന്നത്.

STORY HIGHLIGHTS: Anil akkara says govt trying to sabotage cbi investigation by using vigilance in life mission case

Next Story