കൊലപാതകം നടത്തിയത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക്, കാല്വെട്ടിമാറ്റിയത് മൃതദേഹമൊളിപ്പിക്കാന്; ദുരൂഹത തള്ളി പൊലീസ്
ഉമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ കോടാലികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് 15 ഉം 16 ഉം വയസുള്ള സഹോദരിമാരുടെ കുറ്റസമ്മത മൊഴി.
30 Dec 2021 2:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട് അമ്പലവയൽ ആയിരം കൊല്ലിയിൽ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി അന്വേഷണ സംഘം. നിലവില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും അല്ലാതെ മറ്റാർക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു മുഹമ്മദിന്റെ ഭാര്യ സക്കീനയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും. കൊലപാതകത്തിന് ശേഷം ഭയന്ന പെണ്‍കുട്ടികള്‍ പിതാവിനെ വിളിച്ചതിന്റെ ഫോൺ കോൾ രേഖകളും ശേഖരിച്ചതായും പൊലീസ് പറയുന്നു.
ഉമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ കോടാലികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് 15 ഉം 16 ഉം വയസുള്ള സഹോദരിമാരുടെ കുറ്റസമ്മത മൊഴി. തുടർന്ന് മൃതദേഹം ഒളിപ്പിക്കുന്നതിനായി കത്തി ഉപയോഗിച്ച് കാല് വെട്ടിമാറ്റുകയും സ്കൂള്‍ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ മൊഴിയില്‍ പറയുന്നു. ബാക്കി ശരീരം പൊട്ടകിണറ്റില്‍ തള്ളിയ ശേഷം പിതാവിനെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.
സംഭവ ദിവസം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഈ മൊഴിയെ പരിഗണിച്ച് അന്വേഷണ സംഘം പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനോടുണ്ടായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ മാതാവ് സഹായിച്ചിരുന്നു.
സക്കീനയുടെ സഹോദരൻ രണ്ടാം വിവാഹം കഴിച്ചപ്പോൾ മുതൽ മുഹമ്മദിന്റെയും, സക്കീനയുടെ കൂടെ ഒരേ വീട്ടിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍കൂടിയായ പെണ്‍കുട്ടികളുടെ പിതാവ് സുബെെറുമായി തർക്കമുണ്ടായിരുന്നു എന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു സക്കീനയുടെ ആരോപണം. എന്നാൽ തന്നെ കുടുംബത്തില്‍ നിന്ന് അകറ്റിയത് മുഹമ്മദാണെന്നാണ് പെൺകുട്ടികളുടെ പിതാവ് സുബൈറിന്റെ പ്രതികരണം.