Top

മോഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്ന സിഐ സുധീർ, ഉത്ര കേസില്‍ സ്ഥലം മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍

ആലുവ ഡിവൈഎസ്പി മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുമെന്നാണ് പുതിയ വിവരം.

23 Nov 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്ന സിഐ സുധീർ, ഉത്ര കേസില്‍ സ്ഥലം മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍
X

ആലുവയിൽ ഗാർഹികപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന എസ്‌ഐ സുധീർ സിഎല്‍ മുന്‍പ് പല കേസുകളിലും അച്ചടക്ക നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന്‍. പ്രമാദമായ ഉത്ര കേസിലടക്കം വകുപ്പ് തല അന്വേഷണം നേരിട്ടയാളാണ് ഗാർഹിക പീഢനത്തില്‍ പരാതി നല്‍കാനെത്തിയ മോഫിയയെയും അപമാനിച്ചത്.

കൊല്ലം ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീറിനെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19 നാണ് കേസിലെ സുധീറിനെതിരായ ആഭ്യന്തര അന്വേഷണം പൂർത്തിയായത്.

2020 ജൂണില്‍ അഞ്ചൽ സിഐ ആയിരിക്കെ അഞ്ചൽ ഇടമുളയ്ക്കലിലെ ദമ്പതികളുടെ മരണത്തില്‍ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. അന്നത്തെ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോർട്ടില്‍ സിഐയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ സുധീറിനെതിരെ നടപടിയ്ക്കും റിപ്പോർട്ടില്‍ ശുപാർശ ചെയ്യപ്പെട്ടിരുന്നു

അതേസമയം, മോഫിയയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്താലത്തില്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താനും തീരുമാനമായി. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് ഒപ്പം പേര് പരാമര്‍ശിക്കപ്പെട്ട സിഐ സിഎല്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി. ആലുവ ഡിവൈഎസ്പി മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുമെന്നാണ് പുതിയ വിവരം. ഇതിന് പുറമെ മോഫിയയുടെ ഭര്‍ത്താവിനെതിരെ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. എറണാകുളം ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. ഭര്‍തൃവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയെ സ്വന്തം വിട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തുങ്ങിമരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയെ സ്വന്തം വിട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നണ് വിവരം. ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം.



Next Story