'ആലുവ സിഐയെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ല'; ആരോപണങ്ങളില്‍ വിശദ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്പി
മറ്റൊരു സ്ത്രീയുടെ ആരോപണം കൂടി സിഐക്കെതിരെ വന്നിട്ടുണ്ട് അതും അന്വേഷിക്കും.
24 Nov 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്. ഇയാള്‍ക്കെതിരെയുളള ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ആലുവ സിഐ സുധീറിനെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ല. കേസ് അന്വേഷണവുമായി ഇന്‍സ്‌പെക്ടര്‍ക്ക് ഏതൊരു ബന്ധവുമില്ല. ചുമതലയില്‍ നിന്ന് മാറ്റികൊണ്ടുളള ഉത്തരവ് ഇതുവരെ വന്നിട്ടില്ല. ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഉന്നയിച്ചിട്ടുളള ആരോപണങ്ങളിലും വിശദമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.' എന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.
'മറ്റൊരു സ്ത്രീയുടെ ആരോപണം കൂടി സിഐക്കെതിരെ വന്നിട്ടുണ്ട് അതും അന്വേഷിക്കും. വെസ്റ്റ് സിഐ സുധീറിനെ മാറ്റുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരുമായി സംസാരിക്കും.' റൂറല്‍ എസ്പി വ്യകതമാക്കി.
അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ സുധീറിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അന്‍വര്‍ സാദത്ത് എംഎല്‍എ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സിഐ അടക്കം നാല് പ്രതികളാണ് സ്റ്റേഷനിലുള്ളത്. സുധീറിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും ഇതേ സ്റ്റേഷനിലാണ് നിലവിലുള്ളത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്നു പേരെയും ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചോദ്യം ചെയ്യും.ഇതിനിടെ സുഹൈലിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് സലിം രംഗത്തെത്തി. ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദില്‍ഷാദ് പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു.