Top

ഗുണ്ടാ ബന്ധം; ഡിവൈഎസ്പി ആർ ശ്രീകുമാറിനെതിരെയുളള നടപടി മയപ്പെടുത്താൻ ഉന്നത ഇടപെടലെന്ന് ആരോപണം

ഭരണമുന്നണിയിലെ ഉന്നതരുമായുള്ള ശ്രീകുമാറിന്റെ ബന്ധമാണ് അന്വേഷണം നീട്ടാൻ സഹയകമായതെന്നാണ് ആരോപണം.

10 July 2022 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുണ്ടാ ബന്ധം; ഡിവൈഎസ്പി ആർ ശ്രീകുമാറിനെതിരെയുളള നടപടി മയപ്പെടുത്താൻ ഉന്നത ഇടപെടലെന്ന് ആരോപണം
X

കോട്ടയം: ക്രിമിനൽ ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാറിനെതിരെയുള്ള നടപടി മയപ്പെടുത്താൻ ഉന്നത ഇടപെടലെന്ന് ആരോപണം. ഡിവൈഎസ്പിയുടെ സസ്പെൻഷൻ ഒഴിവാക്കി സ്ഥലം മാറ്റത്തിലൊതുക്കാനാണ് നീക്കം. ഇതിന് ഭരണമുന്നണിയിലെ പ്രമുഖരെ കൂട്ടുപിടിച്ചെന്നും ആരോപണമുണ്ട്. ഗുണ്ടാനേതാവായ അരുൺ ഗോപനുമായി ശ്രീകുമാറിന് വഴിവിട്ട ബന്ധമുണ്ടെന്ന കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിക്ക് കൈമാറിയിരുന്നു. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ അന്വേഷണം എങ്ങുമെത്താതെ നീളുകയാണ്.

​എസ്പി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉറപ്പായതോടെ ഇതൊഴിവാക്കാൻ ശ്രീകുമാർ നീക്കങ്ങൾ തുടങ്ങിയിരുന്നു. ഭരണമുന്നണിയിലെ ഉന്നതരുമായുള്ള ശ്രീകുമാറിന്റെ ബന്ധമാണ് അന്വേഷണം നീട്ടാൻ സഹയകമായതെന്നാണ് ആരോപണം. ഇതിനിടെ കടുത്ത നടപടികൾ ഒഴിവാക്കി സ്ഥലമാറ്റത്തിലൊതുക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നതായി വിവരമണ്ട്.

കേസിൽ തുടരന്വേഷണത്തിന് ഡിജിപി ചുമതലപ്പെടുത്തിയിരിക്കുന്നത് എസിപി നിതിൻ രാജിനെയാണ്. താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ അരുൺഗോപനെ വെസ്റ്റ് സ്റ്റേഷൻ ലോക്കപ്പിൽ കയറി ശ്രീകുമാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങടക്കം തുടരന്വേഷണത്തിൽ തെളിവാകും. എന്നാൽ നൈറ്റ് ഡ്യൂട്ടി സമയത്ത് അരുൺ ഗോപനെ സെല്ലിൽ കയറി സന്ദർശിച്ചതിൽ അസ്വഭാവികത ഇല്ലെന്നാണ് ശ്രീകുമാറിന്റെ വിശദീകരണം.

മദ്യ, ബ്ലേഡ് മാഫിയകളുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലും ഇതുവരെ നടപടിയില്ലെന്ന അരോപണമുണ്ട്. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റാനും തുടർന്ന് സർക്കാർ അന്വേഷണ റിപ്പോർട്ട് വരുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കാനുമാണ് നിലവിലെ തീരുമാനം.

STORY HIGHLIGHTS: Allegation of High Intervention to Soften the Action Against DYSP R Sreekumar for Criminal Relation

Next Story