ചിന്ത ജെറോമിനെതിരെ കോപ്പിയടി ആരോപണവും; വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന് പരാതി
സംഭവത്തില്‍ കേരള വിസിക്ക് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു
29 Jan 2023 8:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചതാണെന്നാണ് പരാതി. സംഭവത്തില്‍ കേരള വിസിക്ക് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തില്‍ എഴുതിയത്. ഇത് വിവാദമായതോടെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. കേരളാ സര്‍വകലാശാല മുന്‍ പിവിസി ഡോ അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്ത ജെറോമിന് 2021ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ലഭിച്ചത്. ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് പരാതി. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്. അതേസമയം ഇത്തരത്തില്‍ തെറ്റ് പറ്റിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം പ്രതികരിച്ചിരുന്നു.