Top

'എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും, ഈശോ മിശിഹ മുകളിലുണ്ടല്ലോ?'; പ്രതികരിച്ച് കെടി ജലീൽ

കെടി ജലീൽ മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഔദ്യോ​ഗിക ബന്ധം മാത്രമാണ് പുലർത്തിയതെന്ന് സ്വപ്ന അഭിമുഖത്തിൽ പറയുന്നു.

5 Feb 2022 4:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും,  ഈശോ മിശിഹ മുകളിലുണ്ടല്ലോ?; പ്രതികരിച്ച് കെടി ജലീൽ
X

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണമറിയിച്ച് കെടി ജലീൽ എംഎൽഎ. ജലീൽ ഔദ്യോ​ഗിക കാര്യങ്ങൾക്ക് മാത്രമാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? എന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ശിവശങ്കറിന്റെ ആത്മകഥ‌ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന രംഗത്തുവന്നത്.

'സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും' ജലീൽ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കെടി ജലീലിന്റെ പ്രതികരണം. സ്വർണകളളക്കടത്തു കേസിൽ ഒന്നാം പിണറായി സർക്കാരിൽ വഖഫ് മന്ത്രിയായിരുന്ന കെടി ജലീലിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. കെടി ജലീൽ മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഔദ്യോ​ഗിക ബന്ധം മാത്രമാണ് പുലർത്തിയതെന്ന് സ്വപ്ന അഭിമുഖത്തിൽ പറയുന്നു. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് തങ്ങൾ കെടി ജലീലിനെയാണ് ബന്ധപ്പെട്ടിരുന്നത്. മറ്റ് ചർച്ചകൾ കെടി ജലീലും കോൺസുലേറ്റ് ജനറലും നേരിട്ടാണ് നടത്തിയതെന്നും സ്വപ്ന പറഞ്ഞു.

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥവും അനുമതിയില്ലാതെ കേരളത്തിലെത്തിച്ചെന്നായിരുന്നു ആരോപണം. കെ ടി ജലീല്‍ ഉള്‍പ്പടെ സംഭവത്തില്‍ ആരോപണ വിധേയനായിരുന്നു. വിഷയത്തില്‍ കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിലെ പ്രോട്ടോക്കോള്‍ ഓഫീസറേയും കേസില്‍ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്. ഇത്തരം സാധനങ്ങള്‍ക്കൊപ്പം സ്വര്‍ണം കടത്തിയിരുന്നോ എന്നും ഈ സമയത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.

എന്തൊക്കെയായിരുന്നു പുകിൽ?

എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.

സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.

കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?

പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!.

Next Story