Top

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; തന്റെ കുഞ്ഞല്ലെന്ന് യുവതി

കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തന്നെയാണ് യുവതിയുടെ വീട് എന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്

11 Sep 2022 5:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; തന്റെ കുഞ്ഞല്ലെന്ന് യുവതി
X

ആലപ്പുഴ: തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു തന്റെ കുഞ്ഞല്ലെന്ന് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതി. എന്നാൽ കുഞ്ഞ് ഈ യുവതിയുടേത് തന്നെയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതി പ്രസവം കഴിഞ്ഞ് ആണ് ആശുപത്രിയിലെത്തിയത്. ലേബർ റൂമിൽ വെച്ച് മറുപിളള നീക്കം ചെയ്തെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തന്നെയാണ് യുവതിയുടെ വീട് എന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ യുവതിയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ഥലം വരെ ഇവർക്ക് ഒറ്റക്ക് എത്താൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റാരൊ മതിലിനു മുകളിലൂടെ കുഞ്ഞിനെ വാങ്ങി കിടത്തിയതാകാമെന്നും നാട്ടുകാർ ആരോപിച്ചു.

യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാന്‍ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല. കുഞ്ഞ് തന്റേതല്ലെന്നാണ് യുവതി ആവര്‍ത്തിച്ചു പറയുന്നത്. കുഞ്ഞിനു പാലു കൊടുക്കാനും അവര്‍ തയാറായിട്ടില്ല. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പൊലീസിനോട് സിഡബ്ല്യൂസി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടും കുട്ടി പൂര്‍ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ജി വസന്തകുമാരി അറിയിച്ചു. കുഞ്ഞ് പൂർണ ആരോ​ഗ്യം കൈവരിച്ചതായുളള സാക്ഷ്യപത്രം ലഭിച്ചാൽ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

ആക്രി വസ്തുക്കള്‍ പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. കുഞ്ഞിന്റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. നിലവിൽ യുവതിയും കുഞ്ഞും ചികിത്സയിൽ തുടരുകയാണ്.

STORY HIGHLIGHTS: Alappuzha baby found in bush, The woman said it was not her baby

Next Story