'രാഹുല്‍ ഗാന്ധിയുടേത് രണ്ടാം ജന്മം'; ഭാരത് ജോഡോ യാത്ര ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയെന്ന് എ കെ ആന്റണി
ഭാരത് ജോഡോ യാത്രയില്‍ വഴിയില്‍ കണ്ടവരെയെല്ലാം രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചുവെന്ന് എ കെ ആന്റണി പറഞ്ഞു
30 Jan 2023 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായതെന്നും എ കെ ആന്റണി പറഞ്ഞു. പാര്‍ട്ടി പദവികള്‍ രാജിവെച്ച് മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടരുമ്പോഴാണ് എ കെ ആന്റണിയുടെ പ്രതികരണം.
ഭാരത് ജോഡോ യാത്രയില്‍ വഴിയില്‍ കണ്ടവരെയെല്ലാം രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചുവെന്ന് എ കെ ആന്റണി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതോടെ മാത്രമാണ് യാത്ര പൂര്‍ത്തിയാകുക. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും വളര്‍ത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും എ കെ ആന്റണി വിര്‍ശിച്ചു.
136 ദിവസം പിന്നിട്ട് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിലാണ് നടക്കുന്നത്. ശേര്‍ എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും. ഇതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക പരിസമാപ്തിയാകും. സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ല. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി.
Story Highlights: AK Antony Praising Rahul Gandhi And Bharat Jodo Yatra