Top

'ആരോപണത്തിന് പിന്നില്‍ സിപിഐഎം'; മുന്‍ഭാര്യ നസിയയ്‌ക്കെതിരെ അജിത്തും അനുപമയും രംഗത്ത്

അജിത്തിന് വിവാഹമോചനം നല്‍കരുതെന്ന് നസിയയോട് തന്റെ പിതാവ് ജയചന്ദ്രന് ആവശ്യപ്പെട്ടിരുന്നുവെന്ന് അനുപമ.

23 Oct 2021 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോപണത്തിന് പിന്നില്‍ സിപിഐഎം; മുന്‍ഭാര്യ നസിയയ്‌ക്കെതിരെ അജിത്തും അനുപമയും രംഗത്ത്
X

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ആരോപണവുമായെത്തിയ മുന്‍ഭാര്യ നസിയയ്‌ക്കെതിരെ അജിത്തും അനുപമയും രംഗത്ത്. നസിയയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് അനുപമ ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തന്റെ പിതാവ് ജയചന്ദ്രനും പാര്‍ട്ടി നേതാക്കളും ആണെന്നും കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അനുപമ പറഞ്ഞു. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്ത് കൊടുത്തതെന്ന ആരോപണത്തിന് മറുപടി നല്‍കവെയായിരുന്നു ഇരുവരുടെയും പ്രതികരണം.

'നസിയയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണ്. ഇതിന് മുമ്പും തങ്ങള്‍ക്കെതിരെ നസിയ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ ഫ്രോഡാണ്. അജിത്തിന് വിവാഹമോചനം നല്‍കരുതെന്ന് നസിയയോട് തന്റെ പിതാവ് ജയചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. അജിത്തും നസിയയും നിയമപരമായി വിവാഹമോചനം നേടിയവരാണ്. അടഞ്ഞ അധ്യായമായത് കൊണ്ട് ഇക്കാര്യങ്ങള്‍ താന്‍ ഇത്രയും കാലം പറയാതിരുന്നത്. ഇതൊന്നും തന്റെ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യമല്ല.', അനുപമ പറഞ്ഞു.

വിഷയം മാധ്യമങ്ങളില്‍ വന്നത് മുതല്‍ കുഞ്ഞിനെ ദത്ത് നല്‍കാനുള്ള സമ്മതപത്രം താന്‍ നല്‍കിയെന്നാണ് തന്റെ പിതാവ് പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യം നസിയയോട് പറഞ്ഞതും അച്ഛന്‍ തന്നെയായിരിക്കുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ജയചന്ദ്രനെ സഹായിക്കാന്‍ വേണ്ടിയാണ് നസിയയുടെ നീക്കമെന്ന് അജിത്തും കൂട്ടിച്ചേര്‍ത്തു.

അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നായിരുന്നു നസിയയുടെ ആരോപണം. ദത്തു നല്‍കുന്നതിനുള്ള സമ്മതപത്രം താന്‍ കണ്ടിരുന്നെന്നും അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനല്‍കിയതെന്ന് കരുതുന്നില്ലെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വിവാഹമോചനത്തിന് പിന്നില്‍ അനുപമയാണെന്നും നസിയ ആരോപിച്ചു. ഡിവോഴ്സ് ചെയ്യില്ലെന്ന് പറയാന്‍ അനുപമയെ കണ്ടിരുന്നു. അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് താനുമായുള്ള വിവാഹബന്ധം അജിത്ത് വേര്‍പെടുത്തിയത്.

അജിത്തുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് തന്നോട് അനുപമ ആവശ്യപ്പെട്ടിരുന്നു. ഡിവോഴ്സ് ചെയ്തത് അജിത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. ഇതിനായി അജിത്ത് മാനസികമായി വളരെ പീഡിപ്പിച്ചു. അനുപമയുമായുള്ള ബന്ധത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അന്നെല്ലാം സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നല്‍കിയതെന്നുമായിരുന്നു നസിയ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

ഇതിനിടെ ദത്തിന്റെ വിശദാംശങ്ങള്‍ തേടി സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കി. വേഗത്തില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറു പേരെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും.


Next Story