Top

കേരളത്തിൽ പോലീസ് രാജെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

25 Nov 2021 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ പോലീസ് രാജെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി
X

കേരളത്തിൽ പോലീസ് രാജെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. മോഫിയയുടെ സഹപാഠികളായ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എ ഐ എസ് എഫ് വ്യക്തമാക്കി. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് 17 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തത്. എസ്പിക്ക് പരാതി നൽകാനെത്തിയ പെൺകുട്ടികടങ്ങിയ സംഘം പരാതി നൽകാൻ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. എആർ ക്യാമ്പിലെത്തിച്ച ഇവരെ വിട്ടയച്ചു.

മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തങ്ങളെ പ്രകോപനവും കൂടാതെയാണ് പൊലീസ് അറസ്റ്റുചെയ്തതെന്ന് അൽ അസർ ലോ കോളേജ് വിദ്യാർത്ഥികൾ പറഞ്ഞു. പരാതി നൽകാൻ അനുവദിച്ചില്ലെന്നും പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പെൺകുട്ടികളോട് അടക്കം മോശമായാണ് പെരുമാറിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.ഒരു സഹപാഠി നീതി നിഷേധിക്കപ്പെട്ട് ജീവനൊടുക്കിയപ്പോൾ, അവളെ കൊലയ്ക്ക് കൊടുത്തപ്പോഴാണ് പ്രതിഷേധിച്ചത്.

ഒരു പാർട്ടിയുടെയും കൊടിയുടെയും ബലമില്ലാതെ വിദ്യാർത്ഥികളെന്ന നിലയിലായിരുന്നു പ്രതിഷേധം. നിയമത്തിൽ വിശ്വസിക്കുന്നവരായതിനാലാണ് എസ്പി ഓഫീസിൽ പരാതിയുമായി സമീപിച്ചത്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറയുന്നു.ഗുണ്ടകളെപ്പോലെയാണ് പോലെയാണ് പെൺകുട്ടികളെ അടക്കം വലിച്ചിഴച്ചുകൊണ്ടുപോയത്. നാല് പെൺകുട്ടികളെ പരാതി നൽകാൻ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് അറസ്റ്റടക്കം ഉണ്ടായത്. പരാതി നൽകാൻ അനുമതി ലഭിച്ച് സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴും കാലുകൊണ്ട് ചവിട്ടിയാണ് അകത്തേക്ക് കയറ്റിയത്. പൊലീസ് അസഭ്യ വർഷം നടത്തിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷിന് മുന്നിലെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. എസ്പിക്ക് നേരിട്ട് പരാതി കെെമാറുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന് എസ്പി ഉറപ്പു നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

അതേസമയം മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഡിവൈഎസ്പി രാജീവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും നിലവിൽ റിമാൻഡിലാണ്. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ(27) ഭർത്തൃപിതാവ് യൂസഫ്(63) ഭർത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

സംഭവത്തിൽ സിഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് മോർഫിയയുടെ ഗാർഹിക പീഢന പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എൽ സുധീർ കേസ് എടുത്തില്ലെന്നും ഒടുവിൽ പെൺകുട്ടി മരണപ്പെട്ട ദിവസമാണ് പരാതിയിൽ കേസെടുത്തെന്നുമാണ് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.

മകൾക്ക് നീതി കിട്ടാൻ ഏതറ്റം വരേയും പോകുമെന്ന് ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവ്വിണിന്റെ കുടുംബത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെയോ പൊലീസിന്റെയോ കാലുപിടിക്കാം. ഒരമ്മയുടെ വേദനയായി കാണണം. ഇതിൽ നിങ്ങൾ രാഷ്ട്രീയം കാണരുതെന്നും ഉമ്മ ഫാരിസ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സിഐ സുധീറിനെ സ്ഥലം മാറ്റിയാൽ ഇത്തരം അനുഭവങ്ങൾ ഇനിയും ആവർത്തിക്കും, അത് സംഭവിക്കരുതെന്നും അമ്മ മുന്നറിയിപ്പ് നൽകിയത്.

Next Story

Popular Stories