Top

'നടിയെ ആക്രമിച്ച കേസിൽ സർക്കാർ കെെകെട്ടി നിൽക്കുന്നു'; ചെയ്യേണ്ടത് ചെയ്യാതെ അതിജീവിതക്കൊപ്പമാണെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് അഡ്വ. ആശാ ഉണ്ണിത്താൻ

കേസുമായി സംബന്ധിച്ച് സമൂഹത്തിൽ ഉണ്ടാകുന്ന ചർച്ചകളൊന്നും അറിയേണ്ടെന്ന നിലപാടാണ് സർക്കാരിന്റേത്

8 May 2022 12:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസിൽ സർക്കാർ കെെകെട്ടി നിൽക്കുന്നു; ചെയ്യേണ്ടത് ചെയ്യാതെ അതിജീവിതക്കൊപ്പമാണെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് അഡ്വ. ആശാ ഉണ്ണിത്താൻ
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൃത്യ സമയത്ത് ഒന്നും ചെയ്യാതെ കെെകെട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ സംസ്ഥാന സർക്കാരിന്റേതെന്ന് അഡ്വ. ആശാ ഉണ്ണിത്താൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സർക്കാർ നടപടി ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു. നീതി ലഭ്യമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാതെ ഫിലിം ഫെസ്റ്റിവിലിന്റെ വേദിയിൽ ഇരുത്തുന്നതിലും അതിജീവിതക്കെപ്പമാണെന്ന് പറയുന്നതിലൊന്നും കാര്യമില്ലെന്നും ആശാ ഉണ്ണിത്താൻ വിമർശിച്ചു. റിപ്പോർട്ടർ ടി വി എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അവർ.

''നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിൽ സർക്കാരിന്റെ നിലപാട് എന്നെ സംബന്ധിച്ചിടത്തോളം വിഷമിപ്പിക്കുന്ന ഒന്നാണ്. ചിലപ്പോൾ ഇത് അതിജീവിതയും അനുഭവിക്കുന്നുണ്ടാവും. പക്ഷെ അവർക്ക് അത് തുറന്നു പറയാൻ പറ്റില്ല. അതിനുളള ഒന്നാമത്തെ കാരണം അതിജീവിതക്ക് സർക്കാർ പ്രോസിക്യൂട്ടറെ വെച്ചുകൊടുത്തിട്ടില്ല. രണ്ടാമത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നുളളതാണ്. അതും പ്രത്യേകിച്ച് രാമൻ പിളളയുടെ ജൂനിയേഴ്സായിട്ടുളള അഡ്വക്കേറ്റുമാർക്കെതിരെ അന്വേഷണം വന്ന ഒരു സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സംസ്ഥാന സർക്കാർ കെെകെട്ടി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. കേസുമായി സംബന്ധിച്ച് സമൂഹത്തിൽ ഉണ്ടാകുന്ന ചർച്ചകളൊന്നും അറിയേണ്ടെന്ന നിലപാടാണ് സർക്കാരിന്റേത്. എന്നാൽ വിഷയം അവരിലേക്കടുക്കുന്ന സമയത്ത് കൃത്യമായി ഇടപെട്ട് അന്വേഷണ ഉദ്യോഗ്സ്ഥനെ മാറ്റുകയും ചെയ്തു''.

''ഓണത്തിന് തരുന്ന പുടവയാണല്ലോ ഓണപ്പുടവ. ഓണം കഴിഞ്ഞ് തരുന്നത് അതല്ലല്ലോ. നീതി ലഭ്യമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാതെ വെറുതെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല, ഫിലിം ഫെസ്റ്റിവിലിന്റെ വേദിയിൽ ഇരുത്തിയാൽ നീതി ലഭ്യമാകില്ല. ഇത്തരം പ്രഹസനങ്ങളൊന്നും ഞാൻ ഇഷ്ടപ്പെടുന്നില്ല. കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്യാതെ പിന്നീട് അതിജീവിതക്കെപ്പമാണെന്ന് പറഞ്ഞിട്ട് സിനിമാറ്റിക് പെർഫോമൻസ് ഒക്കെ നടത്തുന്നത് ശരിയല്ല. അത് ആളുകളുടെ കണ്ണിൽ പൊടിയിടുന്ന കാര്യങ്ങളാണ്''.

''ഈ സന്ദർഭത്തിൽ അതിജീവിതക്ക് നേരിട്ട് പെലീസിനെതിരെയോ പ്രോസിക്യൂഷനെയോ കുറ്റം പറഞ്ഞുകൊണ്ട് കോടതിയെ സമീപിക്കാൻ പറ്റില്ല. അത് സർക്കാരിനെ വെറുപ്പിക്കലായി മാറും. അതുകൊണ്ടാണ് അവർ സുപ്രീം കോടതിക്ക് പരാതി നൽകിയത്. ഇതിലൂടെ അവർ സുപ്രീം കോടതിയോട് വീണ്ടും യാചിക്കുകയാണ്. മറിച്ച് അതിജീവിത ഹർജി നൽകിയാൽ ചിലപ്പോൾ കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറാം. അത് സംസ്ഥാന സർക്കാരിന്റെ മുഖത്തേൽക്കുന്ന അടിയായി മാറും. ഇത് ഒഴിവാക്കാനും സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുളളതു കൊണ്ടുമാകണം അതിജീവിത സുപ്രീം കോടതിക്ക് പരാതി നൽകിയത്''.

STORY HIGHLIGHTS: advocate Asha unnithan criticizes state govt in actress attack case

Next Story