Top

'കസ്റ്റഡി മരണക്കേസില്‍ അവര്‍ ഇടപെട്ടെന്നും ഊരിപ്പോന്നെന്നും മുന്‍പേ കേട്ടിരുന്നു'; അടക്കം പറഞ്ഞത് ഇനി പൊതുജനം അറിയട്ടേയെന്ന് അഡ്വ. ആശ ഉണ്ണിത്താന്‍

26 April 2022 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കസ്റ്റഡി മരണക്കേസില്‍ അവര്‍ ഇടപെട്ടെന്നും ഊരിപ്പോന്നെന്നും മുന്‍പേ കേട്ടിരുന്നു; അടക്കം പറഞ്ഞത് ഇനി പൊതുജനം അറിയട്ടേയെന്ന് അഡ്വ. ആശ ഉണ്ണിത്താന്‍
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജ‍ഡ്ജിയെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തു വന്നത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അഡ്വ. ആശ ഉണ്ണിത്താൻ. പലരും നേരത്തെ അടക്കം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുറത്തു വന്ന തെളിവുകളിൽ ജുഡീഷ്യറി നടപടിയെടുക്കുമോ എന്നത് വേറെ കാര്യമാണ് പക്ഷെ ജനങ്ങൾ ഇത് അറിയേണ്ടതുണ്ടെന്നും ആശ ഉണ്ണിത്താൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജിയുടെ ഭർത്താവായ എക്‌സൈസ് ഉദ്യോഗസ്ഥൻ ജിജുവിന്റെ ലോക്കപ്പ് മർദ്ദന കേസിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ടെന്നും ഈ വഴിക്കുള്ള സ്വാധീനം നടന്നിരിക്കാമെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

'കസ്റ്റഡി മരണക്കേസിൽ അവർ ഇടപെട്ടു എന്നും പിന്നീട് ഊരിപ്പോന്നു എന്നും മുമ്പേ കേട്ടിട്ടുണ്ട്. ആ വഴിക്കുള്ള പരിചയപ്പെടലും സ്വാധീനവും ഉണ്ടാവാം. ഇതൊക്കെ നമ്മളും ആലോചിച്ചിട്ടുണ്ടായിരുന്നു. ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തിൽ നമുക്കിതൊക്കെ ചർച്ച ചെയ്യാം. ഇങ്ങനെയാണ് കാര്യങ്ങളെന്ന് ജനങ്ങൾ അറിയട്ടെ. ജുഡീഷ്യറിയും നടപടിയെടുക്കേണ്ട ഉന്നത സംവിധാനങ്ങളും നടപടിയെടുക്കുമോ എന്നത് വേറെ കാര്യം. പക്ഷെ പൊതുസമൂഹം ഇതറിയുന്നു എന്നത് നല്ല കാര്യമാണ്. നമ്മളുടെ ഇടയിൽ അടക്കം പറയുന്ന കാര്യങ്ങളാണ്. ഇത് പുറത്തു വന്നത് സന്തോഷമല്ല സമാധാനമാണ്. എല്ലാ ജൂഡിഷ്യൽ ഓഫീസർമാരും മോശക്കാരല്ല. പക്ഷെ ബന്ധുക്കൾക്ക് വേണ്ടിയോ സ്വന്തം കാര്യത്തിനോ സ്വാധീനിക്കപ്പെടുന്നവരുമുണ്ട്,' ആശ ഉണ്ണിത്താൻ പറഞ്ഞു.

'സ്വാധീനിക്കപ്പെടാനുള്ള വഴികളെ പറ്റിയാണ് പറയുന്നത്. ജഡ്‍ജി സ്വാധീനിക്കപ്പെട്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. കേസിലെ സ്വാധീനങ്ങൾ അന്വേഷിക്കാനുള്ള നിയമങ്ങളുണ്ട്. പക്ഷെ അത് ചെയ്യില്ല എന്ന് തീരുമാനിച്ച് വെച്ചിരിക്കുന്ന ആളുകളോട് എന്ത് പറയാനാണ്,' ആശ ഉണ്ണിത്താൻ ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖയാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. പാവറട്ടി കസ്റ്റഡികൊലയേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരന്‍ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്.

ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ 'സന്തോഷിനെ 'അവര്‍' ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, 'അവരുടെ' ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു', എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണ ശകലം അവസാനിക്കുന്നത്.

Story highlight: advocate Asha Unnithan about voice clip evidence in actress attack case

Next Story

Popular Stories