Top

'അങ്ങാടിമരുന്നും പച്ചമരുന്നും തിരിച്ചറിയാത്ത മന്ത്രിമാരാണ്, റിയാസിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജി ആരെന്നറിയാല്ലോ': അഡ്വ. എ ജയശങ്കര്‍

യോഗത്തില്‍ പങ്കെടുക്കുക ചായയും പരിപ്പ് വടയും കഴിക്കുക, നിയമസഭയില്‍ അഭിപ്രായം പറയുക, സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുക, നാട മുറിക്കുക എന്നതിനപ്പുറത്തേക്ക് ഇവര്‍ക്കൊന്നും ചെയ്യാനില്ല

15 Oct 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്ങാടിമരുന്നും പച്ചമരുന്നും തിരിച്ചറിയാത്ത മന്ത്രിമാരാണ്, റിയാസിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജി ആരെന്നറിയാല്ലോ: അഡ്വ. എ ജയശങ്കര്‍
X

എംഎല്‍എമാര്‍ കരാറുകാരേയും കൂട്ടിവരേണ്ടതില്ലായെന്ന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍.

മന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്നും ജി സുധാകരന്‍ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പോലും കരാര്‍-ഉദ്യോഗസ്ഥ തല അഴിമതി തുടച്ചുനീക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ലെന്നും എ ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

'റിയാസ് പറഞ്ഞതില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. കരാറുകാര്‍ പലതരത്തിലുള്ള കൊള്ളരുതായ്മകള്‍ ചെയ്യുന്നു, ശരിയായ രീതിയില്‍ മെറ്റലും മണലും ഉപയോഗിക്കാതെയാണ് റോഡ് പണി നടത്തുന്നത്. അത് വളരെ യാഥാര്‍ത്ഥ്യമാണ്. രണ്ട് മഴ ശക്തമായി പെയ്തപ്പോഴേക്കും എല്ലാം പൊട്ടിപൊളിഞ്ഞു. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ ചെയ്യുന്നതിന്റെ കാരണം ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിമതി നടക്കുന്നത് കൊണ്ടാണ്. വളരെ സത്യസന്ധനായ ജി സുധാകരന്‍ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പോലും അഴിമതി തുടച്ചുനീക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പ്രാദേശിക തലത്തില്‍ കൊള്ള വേറേയും നടക്കുന്നുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേറൊരു പ്രശ്‌നം ഉണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സമയാസമയം പണി കൊടുത്തില്ലെങ്കില്‍ പണികിട്ടും. അതായത് പണി പൂര്‍ത്തീകരിച്ചാലും ബില്ല് പാസായി കിട്ടുകയില്ല. അങ്ങനെ വരുമ്പോള്‍ എംഎല്‍എമാരേയോ ഏരിയാ സെക്രട്ടറിയെയോ ജില്ലാ സെക്രട്ടറിയെയോ കൂട്ടുപിടിച്ച് തിരുവനന്തപുരത്ത് വന്ന മന്ത്രിയെ കാണുന്നത്.' അഡ്വ. എ ജയശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതേസമയം പ്രസ്താവനയില്‍ മന്ത്രിക്കെതിരെ ഇടത് എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയെന്ന ആരോപണങ്ങളോടും ജയശങ്കര്‍ അഭിപ്രായം വ്യക്തമാക്കി. വീണാ ജോര്‍ജിനെയോ ബാലഗോപിലെനെയോ ബിന്ദുവിനെയോ പോലെയുള്ള ഒരു മന്ത്രിയല്ല മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജിയെകുറിച്ച് നമുക്ക് കൃത്യമായി അറിയാം. അ തിനാല്‍ തന്നെ അത്രവലിയ വിമര്‍ശനം റിയാസിനെതിരെ ഉയരാന്‍ സാധ്യതയില്ലെന്ന ജയശങ്കര്‍ പറഞ്ഞു.

'അത്ര വലിയ വിമര്‍ശനം ഒന്നും മന്ത്രിക്കെതിരെ ഉയരില്ല. വീണാ ജോര്‍ജിനെയോ ബാലഗോപിലെനെയോ ബിന്ദുവിനെയോ പോലെയുള്ള ഒരു മന്ത്രിയല്ല മുഹമ്മദ് റിയാസ്. ആരാണ് അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്ന് നമുക്കറിയാല്ലോ. പിന്നെ ചിലര്‍ മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ടും ചിലര്‍ മന്ത്രിസ്ഥാനം കിട്ടിയത് കൊണ്ടും സാമാന്യം ഖിന്നരാണ്. നിലവിലെ മാനദണ്ഡം വെച്ച് അവര്‍ക്ക് ഇനി സാധിക്കുകയും ഇല്ല, നൈരാശ്യത്തില്‍ നിന്നും ചിലപ്പോള്‍ വിമര്‍ശനം ഉയര്‍ന്നേക്കാം. സംസ്ഥാനത്തിന്റെ പരാമധികാരം പരിപൂര്‍ണ്ണമായി മുഖ്യമന്ത്രി നിയന്ത്രിക്കുകയാണ്. അതിനപ്പുറത്തേക്ക് എല്ലാത്തിന്റെയും ചരട് അദ്ദേഹത്തിന്റെ കൈയ്യിലാണ്. അങ്ങനെയാവുമ്പോള്‍ മറ്റ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചെയ്യേണ്ടതില്ല. അവര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുക ചായയും പരിപ്പ് വടയും കഴിക്കുക, നിയമസഭയില്‍ അഭിപ്രായം പറയുക, സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുക, നാട മുറിക്കുക എന്നതിനപ്പുറത്തേക്ക് ഇവര്‍ക്കൊന്നും ചെയ്യാനില്ല. ഒന്നാമത്തേത് മന്ത്രിമാര്‍ക്ക് ആര്‍ക്കും ഭരണ പരിചയം ഇല്ല, ഫയല്‍ നോക്കാനറിയില്ല. അങ്ങാടിമരുന്നാണോ പച്ചമരുന്നാണോയെന്ന് തിരിച്ചറിയാന്‍ പറ്റാത്തവരാണ് പലരും. ഇനി അറിഞ്ഞാല്‍ തന്നെ ചെയ്യാനും കഴിയില്ല. പാര്‍ട്ടി എന്ന വലിയ വലയം സെക്രട്ടറിയേറ്റില്‍ ഉണ്ട്. അതിനനുസരിച്ച് കാര്യം നടക്കും. ഇങ്ങനെയാവുമ്പോ മുഖ്യമന്ത്രിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കും.' ജയശങ്കര്‍ പറഞ്ഞു.

Next Story

Popular Stories