Top

ദത്ത് വിവാദം: സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച, തെറ്റുകള്‍ അക്കമിട്ട് നിരത്തി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്

ഷിജു ഖാനും തിരിച്ചടി

24 Nov 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദത്ത് വിവാദം: സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച, തെറ്റുകള്‍ അക്കമിട്ട് നിരത്തി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്
X

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പോലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടിരുന്നു. എന്നാല്‍ രേഖകളില്‍ ഈ സന്ദര്‍ശനം സന്ദര്‍ശനം സംബന്ധിച്ച് പരാമര്‍ശമില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തന്റെ കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന പേരൂര്‍ക്കട പൊലീസും ഇതോടെ പ്രതിസ്ഥാനത്ത് വരും. പിതാവ് ജയചന്ദ്രനും കൂട്ടാളികള്‍ക്കും എതിരായ അനുപമയുടെ പരാതിയില്‍ നാല് മാസം പേരൂര്‍ക്കട പൊലീസ് നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.

അതേസമയം, തങ്ങള്‍ ഇന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നു എന്നാണ് പുതിയ വാര്‍ത്തകളിലൂടെ തെളിയുന്നതെന്ന അനുപമയും ഭര്‍ത്താവ് അജിത്തും പ്രതികരിച്ചു. ഇനി എങ്കിലും മറ്റാര്‍ക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാക്കരുത്. ഇത്രയും തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഒരു നിമിഷം പോലും ആരോപണ വിധേയരായവര്‍ തല്‍സ്ഥാനത്ത് സ്ഥാനത് തുടരാന്‍ അര്‍ഹരല്ലെന്നും അനുപമയും അജിത്തും ചൂണ്ടിക്കാട്ടി.


Next Story