'സരയുവിന്റെ ആദ്യ ഓവര്‍, ദൃശ്യയുടെ ക്യാച്ച്'; ആണ്-പെണ് ക്രിക്കറ്റ് മാച്ച് വീഡിയോ പങ്കുവച്ച് മന്ത്രി ശിവന്‍കുട്ടി
''ആൺകുട്ടികളും പെൺകുട്ടികളും ഒരു കളിക്കളത്തിൽ ഒരേ ഗെയിം കളിക്കുന്നത് അപൂർവ കാഴ്ച.''
26 Nov 2022 2:35 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസർഗോഡ്: അടുക്കത്തുബയല്‍ യുപി സ്കൂളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മാച്ച് വീഡിയോ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. കളിച്ചു വളരട്ടെ കുട്ടികള്‍, പെണ്‍കുട്ടികള്‍ ആയാലും ആണ്‍കുട്ടികള്‍ ആയാലും..എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ക്രിക്കറ്റ് വീഡിയോ പങ്കുവച്ചത്.
ഇന്നലെ വെെകിട്ട് ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ തങ്ങളെയും കളിക്കാന്‍ കൂട്ടുമോയെന്ന് അധ്യാപകനായ രക്ഷിത്തിനോട് ചോദിച്ചത്. നിങ്ങള്‍ എങ്ങനെ കളിക്കുമെന്ന് രക്ഷിത്ത് ചോദിച്ചപ്പോള്‍ അതെന്താ മാഷേ പെണ്‍കുട്ടികള്‍ക്ക് കളിച്ചാല്‍ എന്ന മറുചോദ്യം വന്നു. ഇതോടെയാണ് അവരെ ചേര്‍ത്ത് നിര്‍ത്തി സ്കൂളിലെ അധ്യാപകര്‍ ആണ്-പെണ് മാച്ച് സംഘടിപ്പിച്ചത്. പെണ്‍സംഘത്തെ ആണ്‍കുട്ടികളുടെ സംഘം കളിയാക്കുകയോ, നിസാരമായി കാണുകയോ ചെയ്തില്ലെന്നും ഏറ്റവും മനോഹരമായ വൈകുന്നേരമായിരുന്നു ഇന്നലെത്തേതെന്ന് സ്കൂളിലെ മറ്റൊരു അധ്യാപകനായ അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിക്കറ്റ് മാച്ചിനെ കുറിച്ച് അനീഷ് പറഞ്ഞത്:
Football ആരവങ്ങൾക്കിടയിൽ ഒരു ക്രിക്കറ്റ് മാച്ച്...!
ആൺകുട്ടികളും പെൺകുട്ടികളും ഒരു കളിക്കളത്തിൽ ഒരേ game കളിക്കുന്നത് അപൂർവം ആയ കാഴ്ചയാണ്. ഇന്ന് വൈകീട്ട് ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ സ്റ്റമ്പും ബാറ്റും ബോളും ആയി ആൺകുട്ടികൾ പോകുന്നത് കണ്ടപ്പോൾ സരയൂവും റിയയും ഞങ്ങളെയും കളിക്കാൻ കൂട്ടുമോ എന്ന് ചോദിച്ചപ്പോൾ രക്ഷിത്ത് മാഷ് അവരോട് " നിങ്ങള്‍ എങ്ങനെ കളിക്കും" എന്ന് സ്പിരിറ്റ് കയറ്റാൻ വേണ്ടി ചോദിച്ച നിമിഷം തന്നെ... " അതെന്താ മാഷേ പെൺകുട്ടികൾക്കും കളിച്ചാൽ?" എന്ന് തുടങ്ങി കൂട്ടത്തോടെ ചോദ്യങ്ങൾ വന്നു.. ചിരിച്ച് കൊണ്ട് അവരെ ചേർത്ത് നിർത്തി നമ്മൾ ടീം ഇട്ടു കളി തുടങ്ങി..
കരുത്തരായ ആൺകുട്ടികളോട് ആദ്യമായി പെൺകുട്ടികളുടെ കരുത്ത് ഏറ്റു മുട്ടി..! ടീമിൽ ഞങ്ങളും കൂടി.. സരയുവിൻ്റെ ആദ്യ ഓവർ! ദൃശ്യയുടെ ക്യാച്ച്.. തുടങ്ങി പെൺകുട്ടികൾ ആഘോഷിച്ച നിമിഷങ്ങൾ.. പക്ഷേ പറയാതെ വയ്യ.. എതിരാളികൾ ആയി വന്ന ആൺകുട്ടികൾ ഏറ്റവും മിടുക്കന്മാർ ആയിരുന്നു.. അവർക്ക് ജാള്യതയോ കളിയാക്കലുകളോ നിസ്സാരം ആക്കുകയോ ഒന്നുമില്ല.. give respect.. take respect... ❤️ അതിനിടയിൽ കണ്ടു നിന്ന സ്വപ്ന ടീച്ചർ ആവേശഭരിതയായി ബാറ്റ് വീശി.. സ്കോർ കണ്ടെത്തി.. എത്ര മനോഹരം ആയ വൈകുന്നേരം ആയിരുന്നു ഇന്ന്.. സ്കൂളുകൾ ഇങ്ങനെ ഒക്കെയാണ് സ്നേഹത്തിൻ്റെ.. സൗഹൃദത്തിൻ്റേ.. അറിവിൻ്റെ.. പാഠങ്ങൾ കളിക്കളത്തിൽ നിന്നും കണ്ടെത്തുന്നത്.. ചില പാഠങ്ങൾ അങ്ങനെയാണ്.
പ്രത്യേകിച്ച് നാട്ടിലൊക്കെ ഇന്നും ഒരു ഓണാഘോഷം നടക്കുമ്പോൾ പോലും പെൺകുട്ടികൾക്ക് കുപ്പിയിൽ വെള്ളം നിറക്കലും കസേര കളിയും ഒക്കെ ആയിരിക്കും.. അവിടെ നടക്കുന്ന ശാരീരികമായ അധ്വാനം കുറഞ്ഞ കാരംസ് പോലുള്ളവയിൽ പോലും പെൺകുട്ടികൾ പങ്കെടുത്ത് കണ്ടിട്ടില്ലാത്ത ഇക്കാലത്തും.. ഇനി പറ്റാവുന്ന വൈകുന്നേരങ്ങളിൽ ഇങ്ങനെ ഒരുക്കാൻ തന്നെയാണ് തീരുമാനം
- TAGS:
- V Sivankutty
- Kerala