Top

ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് പൊലീസ്

സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ്.

13 May 2022 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് പൊലീസ്
X

നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷഹനയുടെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷഹനയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.

ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ രാത്രിയാണ് നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സജാദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. സജാദിന്റെ മടിയില്‍ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങള്‍ കണ്ടതെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ സജാദ് മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. മകളെ സജാദ് കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മര്‍ദ്ദിക്കുന്ന കാര്യത്തില്‍ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകള്‍ക്ക്. ഒരിക്കലും സ്വയം മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവര്‍ പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.

Next Story

Popular Stories