Top

'ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു'; സം​ഗീത ലക്ഷ്മണക്കെതിരെ നടി മാലാ പാർവതി

പീഡിപ്പിക്കപ്പെട്ടാൽ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്ന് മാലാ പാർവതി പറഞ്ഞു.

18 March 2022 7:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു; സം​ഗീത ലക്ഷ്മണക്കെതിരെ നടി മാലാ പാർവതി
X

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയ നടി ഭാവനക്കെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട അഡ്വക്കേറ്റ് സം​ഗീത ലക്ഷ്മണയ്ക്കെതിരെ മാലാ പാർവതി. 'ഭാവന ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂർത്തമാണ്. പീഡിപ്പിക്കപ്പെട്ടാൽ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്ന് മാലാ പാർവതി പറഞ്ഞു. അതേസമയം, റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന നടി ഭാവനയെ ലക്ഷ്യം വെച്ചുളള സം​ഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.' അതിൽ പ്രതിഷേധിക്കുന്നതായും മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു.

'വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് ഓഫർ വെച്ചാൽ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ..... എക്സ്ക്യൂസ് മി യേയ്.' എന്നായിരുന്നു സം​ഗീത ലക്ഷ്മണയുടെ അശ്ലീലത നിറഞ്ഞ ഫേസ്ബുക്കിൽ കുറിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേയും സം​ഗീത ലക്ഷ്മണ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. 'എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നീ എന്തിനാടാ അന്ന് ജയിലിൽ പോയി ദിലീപിനെ കണ്ടത്.' എന്നും സം​ഗീത ലക്ഷ്മണയിട്ട മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നേരത്തെ എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ചുമതലയേറ്റ ആനി ശിവക്കെതിരേയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്ന തരത്തിലുളള പോസ്റ്റുകൾ സം​ഗീത ലക്ഷ്മണയിട്ടത് വിവാദമായിരുന്നു. ഈ സംഭവത്തിൽ സം​ഗീത ലക്ഷ്ണക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.


നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. 'പോരാട്ടത്തിന്റെ പെൺ പ്രതീകം' എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുത്തത്.

കുറച്ചു വര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഇപ്പോൾ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.STORY HIGHLIGHTS: Mala Parvathy against Sangeetha Lakshmana on the Base of a Facebook Post About Actress Bhavana


Next Story