Top

അധിക കുറ്റപത്രം വായിച്ച് കേട്ട് ദിലീപ്, കുറ്റം നിഷേധിച്ചു; 39 സാക്ഷികളുടെ പട്ടികയില്‍ മഞ്ജുവാര്യരും

ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.

31 Oct 2022 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധിക കുറ്റപത്രം വായിച്ച് കേട്ട് ദിലീപ്, കുറ്റം നിഷേധിച്ചു; 39 സാക്ഷികളുടെ പട്ടികയില്‍ മഞ്ജുവാര്യരും
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലെ കുറ്റം നിഷേധിച്ച് എട്ടാം പ്രതി ദിലീപും 15 ാം പ്രതി ശരതും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചത്. ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. മഞ്ജു വാര്യരും ബാലചന്ദ്രകുമാറും ആദ്യം വിസ്തരിക്കേണ്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. കേസ് നവംബര്‍ മൂന്നിന് പരിഗണിക്കും.

ക്രൈംബ്രാഞ്ച് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ദിലീപും ശരതും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശം എത്തിയതിന് തെളിവുണ്ടെന്നും ശരത്തിനൊപ്പം ചേര്‍ന്ന് ഫോണ്‍രേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. പുതിയ കണ്ടെത്തലുകള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ദിലീപിന്റെയും ശരത്തിന്റെയും ഹര്‍ജികള്‍ കോടതി തള്ളിയത്.

Next Story