നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത്
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കുന്നത്
4 Feb 2023 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റി. ഈ മാസം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിസ്താരം നടക്കുക. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കുന്നത്.
അല്‍പ്പമെങ്കിലും ആയുസ് ബാക്കിയുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഭയമില്ലാതെ കോടതിയില്‍ എല്ലാം പറയാന്‍ കഴിഞ്ഞു. അവസാനം വരെ നീതിക്കു വേണ്ടി നിലനില്‍ക്കുമെന്നും മരണത്തിലൂടെ മാത്രമേ തന്നെ പിന്മാറ്റാന്‍ കഴിയൂ എന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'പറയാനുള്ളതൊക്കെ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇനി പറയാനുള്ളത് വളരെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇനിയുള്ള തന്റെ വിസ്താരം വളരെ പ്രധാനപ്പെട്ടതാണ്. വിചാരണ പൂര്‍ത്തിയാക്കണം എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. ദൗത്യം പൂര്‍ത്തീകരിക്കുക എന്നതാണ് എന്റെ ആഗ്രഹം. പാതിവഴിയില്‍ പിന്മാറുക എന്ന ചിന്തയില്ല', ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ യാത്ര അസാധ്യമാണെന്നും ആദ്ദേഹം പ്രതികരിച്ചു. രണ്ട് ദിവസത്തെ ഇടവേളയില്‍ ഡയാലിസിസിന് വിധേയമാകണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് വാങ്ങിയതാണ്. ചികിത്സാ ചെലവ് താങ്ങാവുന്നതില്‍ അപ്പുറമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: Actress Case Balachandrakumar's Trial Will Held In Thiruvananthapuram