Top

നീതിക്ക് വേണ്ടി പോരാടണമെന്ന് പി.ടി തോമസ് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കി, സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു; ഭാവന

11 March 2022 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീതിക്ക് വേണ്ടി പോരാടണമെന്ന് പി.ടി തോമസ് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കി, സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു; ഭാവന
X

കൊച്ചി: അന്തരിച്ച മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസിനെ കുറിച്ച് പറഞ്ഞ് നടി ഭാവന. ന്യൂസ് മിനുറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ പിന്തുണച്ചവരെ കുറിച്ച് ഭാവന പറഞ്ഞത്.

'സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ചോദ്യമെങ്കിലും, എന്നെ പിന്തുണച്ചവരെ കുറിച്ച് ചോദിക്കുമ്പോള്‍, ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന ഒരാള്‍ മുന്‍ പാര്‍ലമെന്റ് അംഗ പി.ടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു', പി.ടി തോമസിനെ കുറിച്ച് ഭാവന പറഞ്ഞതിങ്ങനെയാണ്.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് വലിയ ജനപിന്തുണ ഉണ്ടായെന്നും ഭാവന പറഞ്ഞു. വര്‍ഷങ്ങളായി തന്നോട് മിണ്ടരുത് എന്ന് പലരും പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് കേസിന് തടസ്സമാകുമോ എന്നും ഭയന്നിരുന്നു. അപ്പോഴാണ് അദ്ദേഹം വന്നത് എന്ന് ഭാവന പറയുന്നു.

'വിചാരണ ആരംഭിച്ചപ്പോള്‍, ഇതൊരു ഇന്‍കാമറ വിചാരണ ആണെന്ന് എനിക്കറിയാമായിരുന്നു. എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് ഉറപ്പിലായിരുന്നു. എന്നാല്‍ 2021 ഡിസംബറില്‍ ഒരാള്‍ ചില വെളിപ്പെടുത്തലുകളുമായെത്തി (സംവിധായകന്‍ ബാലചന്ദ്രകുമാര്‍). വര്‍ഷങ്ങളായി എന്നോട് മിണ്ടരുത് പറഞ്ഞിരുന്ന പലരും ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്റെ കേസിന് തടസ്സമാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഈ മനുഷ്യന്‍ വന്നപ്പോള്‍ വീണ്ടും ജനപിന്തുണയുടെ കുത്തൊഴുക്കുണ്ടായി. ഒരുപക്ഷേ ഈ കേസ് അവസാനിച്ചുവെന്നും ഒത്തുതീര്‍പ്പാക്കിയെന്നും പലരും കരുതിയിരിക്കാം. ഡിസംബര്‍ മുതല്‍ ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള സ്‌നേഹവും പിന്തുണയും ലഭിച്ചു. എത്രത്തോളം ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അതുകൊണ്ടാണ് പിന്തുണകള്‍ക്കുള്ള പ്രതികരണമായി ഞാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇടുന്നത്, ഭാവന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.

Next Story