Top

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി; 'വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളത്'

എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്ന് ദിലീപ്.

22 Feb 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി; വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളത്
X

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസില്‍ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോര്‍ട്ട് ഒന്നാം തീയതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചു.

അതേസമയം, കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതോടെ അന്വേഷണം നീട്ടി കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പിന്നാലെയാണ് തുടരന്വേഷണത്തിന് കോടതി സമയപരിധി നിശ്ചയിച്ചത്.

എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ വാദിച്ചത്.

Next Story