Top

'എല്ലാ ദിവസവും സംസാരിക്കുന്നവര്‍ ഗീതു, മഞ്ജു, രമ്യ'; പിന്തുണയുമായി കൂടെയുള്ളവരെക്കുറിച്ച് ഭാവന

''ഞാന്‍ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്.''

11 March 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ ദിവസവും സംസാരിക്കുന്നവര്‍ ഗീതു, മഞ്ജു, രമ്യ; പിന്തുണയുമായി കൂടെയുള്ളവരെക്കുറിച്ച് ഭാവന
X

കൊച്ചി: സിനിമാ മേഖലയില്‍ നിന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. സിനിമയിലെ സ്ത്രീ സുഹൃത്തുക്കള്‍ തനിക്ക് അത്യന്താപേക്ഷിതമാണെന്നും താനുമായി എല്ലാ ദിവസവും സംസാരിക്കുന്ന നിരവധി പേരുണ്ടെന്നും ഭാവന ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഷിഖ് അബു, അനൂപ് മേനോന്‍, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങിയവര്‍ തന്നെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ഭാവന പറഞ്ഞു.

അഭിമുഖത്തില്‍ ഭാവന പറഞ്ഞത്: ''സിനിമയിലെ സ്ത്രീ സുഹൃത്തുക്കള്‍ എനിക്ക് അത്യന്താപേക്ഷിതമാണ്. ഞാന്‍ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് ഞാന്‍ ദിവസവും സംസാരിക്കുന്നവരാണ്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെ പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുന്ന പലരുമുണ്ട്.''

''അഞ്ജലി മേനോനും ദീദി ദാമോദരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പിന്തുണ നല്‍കിയവരാണ്. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ലിസി പ്രിയദര്‍ശന്‍ എന്നിവരും പിന്തുണയ്ക്കുന്നവരാണ്. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്നോടൊപ്പം നിന്നിട്ടുണ്ട്. എനിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ നടിമാര്‍ക്ക് അവസരങ്ങള്‍ നല്‍കാത്തത് വളരെ വേദനാജനകമാണ്.''

'നീതിക്ക് വേണ്ടി പോരാടണമെന്ന് പി.ടി തോമസ് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കി'; ഭാവന

അന്തരിച്ച മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായി പി.ടി തോമസിനെക്കുറിച്ച് ഭാവന. ''സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ചോദ്യമെങ്കിലും, എന്നെ പിന്തുണച്ചവരെ കുറിച്ച് ചോദിക്കുമ്പോള്‍, ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന ഒരാള്‍ മുന്‍ പാര്‍ലമെന്റ് അംഗ പി.ടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു.''

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് വലിയ ജനപിന്തുണ ഉണ്ടായെന്നും ഭാവന പറഞ്ഞു. വര്‍ഷങ്ങളായി തന്നോട് മിണ്ടരുത് എന്ന് പലരും പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് കേസിന് തടസ്സമാകുമോ എന്നും ഭയന്നിരുന്നു. അപ്പോഴാണ് അദ്ദേഹം വന്നത് എന്ന് ഭാവന പറയുന്നു.

''വിചാരണ ആരംഭിച്ചപ്പോള്‍, ഇതൊരു ഇന്‍കാമറ വിചാരണ ആണെന്ന് എനിക്കറിയാമായിരുന്നു. എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് ഉറപ്പിലായിരുന്നു. എന്നാല്‍ 2021 ഡിസംബറില്‍ ഒരാള്‍ ചില വെളിപ്പെടുത്തലുകളുമായെത്തി (സംവിധായകന്‍ ബാലചന്ദ്രകുമാര്‍). വര്‍ഷങ്ങളായി എന്നോട് മിണ്ടരുത് പറഞ്ഞിരുന്ന പലരും ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്റെ കേസിന് തടസ്സമാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഈ മനുഷ്യന്‍ വന്നപ്പോള്‍ വീണ്ടും ജനപിന്തുണയുടെ കുത്തൊഴുക്കുണ്ടായി. ഒരുപക്ഷേ ഈ കേസ് അവസാനിച്ചുവെന്നും ഒത്തുതീര്‍പ്പാക്കിയെന്നും പലരും കരുതിയിരിക്കാം. ഡിസംബര്‍ മുതല്‍ ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള സ്നേഹവും പിന്തുണയും ലഭിച്ചു. എത്രത്തോളം ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അതുകൊണ്ടാണ് പിന്തുണകള്‍ക്കുള്ള പ്രതികരണമായി ഞാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇടുന്നത്.'' ഭാവന പറഞ്ഞു.

Next Story