Top

അനുനയ നീക്കം പാളി; എല്‍ജെഡിയിലെ വിമതര്‍ക്കെതിരെ നടപടി ഉണ്ടായേക്കും

21 Nov 2021 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുനയ നീക്കം പാളി; എല്‍ജെഡിയിലെ വിമതര്‍ക്കെതിരെ നടപടി ഉണ്ടായേക്കും
X

സംസ്ഥാന അധ്യക്ഷനെതിരെ പരസ്യമായി കലാപകൊടി ഉയര്‍ത്തിയ ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) വിമത നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. അനുനയ നീക്കം പാളിയതോടെയാണ് വിമതര്‍ക്കെതിരെ ഒദ്യോഗിക പക്ഷം അച്ചടക്കത്തിന്റെ വാളോങ്ങുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രേയംസ് കുമാര്‍ വിഭാഗം മുന്നോട്ട് പോവുന്നത്. പാര്‍്ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കം നടത്തിയ നേതാക്കള്‍ വിശദീകരണം തിങ്കളാഴ്ചക്കകം നല്‍കിയില്ലെങ്കില്‍ ചൊവ്വാഴ്ച നടപടിയുണ്ടാകും എന്നാണ് നേതൃത്വത്തിന്റെ നിലപാട്.

നേതൃത്വത്തിന് എതിരെ നിലപാട് സ്വീകരിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും നേതൃത്വം വിമത നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും വിമത വിഭാഗം ആവര്‍ത്തിച്ചതോടെയാണ് അനുനയ നീക്കം പാളിയത്

എംവി ശ്രേയാംസ് കുമാര്‍ എംപി എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് സ്ഥാനം 20നകം ഒഴിയണമെന്നായിരുന്നു ഷേക്ക് പി ഹാരിസ് – വി സുരേന്ദ്രന്‍പിള്ള പക്ഷം ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രേയാംസ് കുമാര്‍ നിരസിച്ചു. ഇതോടെ പ്രതിസന്ധിയും രൂക്ഷമാക്കി. തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ എല്‍ജെഡി നേതൃയോഗത്തില്‍ തീരുമാനമെടുത്തു. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് നോട്ടീസ് നല്‍കുകയെന്നും നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാര്‍ട്ടി നേതൃത്വത്തിന് മറുപടി നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. ഇക്കാര്യം വിമത നേതാക്കളും തള്ളിയതോടെ പ്രതിസന്ധി അനുനയ നീക്കങ്ങള്‍ പാളുകയായിരുന്നു.

അച്ചടക്ക ലംഘനം നടത്തിയവര്‍ തെറ്റുതിരുത്തി വന്നാല്‍ അവര്‍ക്കുമുന്നില്‍ പാര്‍ട്ടി വാതില്‍ അടയ്ക്കില്ലെന്നാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ എം.പിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.


Next Story