തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന് ട്രാഫിക് വാര്‍ഡന്മാരുടെ ക്രൂരമര്‍ദ്ദനം; നടപടി
ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ ട്രാഫിക് വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
4 Feb 2023 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ ട്രാഫിക് വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ സംഭവം അന്വേഷിച്ചു നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന് ട്രാഫിക് വാര്‍ഡന്മാരുടെ ക്രൂരമര്‍ദ്ദനം ഏറ്റത്. ഒപി കെട്ടിടത്തിലെ ഗേറ്റ് വഴി പ്രവേശിക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമായിരുന്നു മര്‍ദ്ദനത്തിനുള്ള കാരണം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മര്‍ദ്ദനമേറ്റത്. യുവാവിനെ പിടികൂടി സുരക്ഷാവിഭാഗം ഓഫീസിനു മുന്നിലെത്തിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
യുവാവിനെ ട്രാഫിക് വാര്‍ഡന്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: Action Against Tvm Medical College Warden Who Attacked Youth