കൊല്ലത്ത് പൊലീസും ഗുണ്ടകളും ഏറ്റുമുട്ടി; വടിവാള്‍ വീശിയ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്
രണ്ട് പ്രതികള്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുകയാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്
28 Jan 2023 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: വടിവാള്‍ വീശിയ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. കൊല്ലം കുണ്ടറ കരിക്കുഴിയില്‍ വെച്ചായിരുന്നു സംഭവം.
കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുകയാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്ത് എത്തിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് കായലില്‍ ചാടി പ്രതികള്‍ രക്ഷപ്പെട്ടു. ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രാണരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നാല് പേര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസിനെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിന്റെ അന്വേഷണത്തിനിടെയായിരുന്നു സംഭവം.
Story Highlights: Accused Attacked Police And Escaped In Kollam
- TAGS:
- Kollam
- Kerala Police
- Kerala