Top

മോഡലുകളുടെ അപകട മരണം: 'റോയി ദുരുദ്ദേശത്തോടെ മദ്യം നല്‍കി, മോശമായി സംസാരിച്ചു'; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

റോയിയും ഓഡി കാര്‍ ഓടിച്ചിരുന്ന സൈജുവും തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് സംസാരിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

19 Nov 2021 3:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ അപകട മരണം: റോയി ദുരുദ്ദേശത്തോടെ മദ്യം നല്‍കി, മോശമായി സംസാരിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
X

മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ വാഹനാപകട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയി വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്‍. നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഹോട്ടലില്‍ റോയി മദ്യവും മയക്കുമരുന്നും നല്‍കിയതായും ഇത് പുറത്തു വരാതിരിക്കാനായാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് ഡി ജെ പാര്‍ട്ടി നടന്നത്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. പാര്‍ട്ടിയില്‍ റോയി മദ്യവും മയക്കു മരുന്നും നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. റോയിയും ഓഡി കാര്‍ ഓടിച്ചിരുന്ന സൈജുവും ചേര്‍ന്ന് തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് സംസാരിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

എന്നാല്‍ അതിന് വിസമ്മനതിച്ച യുവതികള്‍ കാറില്‍ കയറി പോവുകയായിരുന്നു. തുടര്‍ന്ന് സൈജു ഇവരുടെ കാര്‍ പിന്തുടരുകരയും ചെയ്തു. വാഹനം പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് അബ്ദുറഹ്മാന്‍ വാഹനം നിര്‍ത്തി. സൈജുവുമായി സംസാരിച്ച ശേഷം യുവതികള്‍ വേഗം കാറില്‍ കയറിയതോടെയാണ് ഇരു കാറുകളും ചേസിംഗ് നടത്തിയത്. ഇതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് അപകടം സംഭവിച്ചത്.

സൈജു ഇടപ്പള്ളിയിലെത്തിയിട്ടും വാഹനം കാണാതായതോടെ മടങ്ങിയെത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് അപകടം വിവരം സൈജു റോയിയെ വിളിച്ചറിയിക്കുകയും റോയി ഹോട്ടല്‍ ജീവനക്കാരുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്‌ക് വീടിനടുത്തുള്ള കായലിലേക്കാണ് റോയി വലിച്ചെറിഞ്ഞതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.

എന്നാല്‍ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രൊസിക്യൂഷന്റെ വാദങ്ങള്‍ തള്ളി. തെളിവ് നശിപ്പിക്കല്‍, നരഹത്യ, പ്രേരണ, എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.

അതേസമയം കേസില്‍ അറസ്റ്റിലായ റോയി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജില്ലാ വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Next Story