Top

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ച് വീട്ടിലെത്തി; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വിവരം

ശനിയാഴ്ച്ച രാത്രി പത്ത് മണിയ്ക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്

25 Oct 2022 8:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ച് വീട്ടിലെത്തി; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വിവരം
X

താമരശ്ശേരി: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ് തിരിച്ച് വീട്ടിലെത്തി. ചൊവ്വാഴ്ച്ച് രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്. ഇയാളെ വിട്ടയച്ചു എന്ന് പൊലീസിന് രാവിലെ വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. താമരശ്ശേരി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ശനിയാഴ്ച്ച രാത്രി പത്ത് മണിയ്ക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ വെഴുക്കൂര്‍ എല്‍പി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് ഇയാളെ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഷറഫിന്റെ ഒരു ബന്ധു വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുള്‍പ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് വിവരം.

തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. മലപ്പുറം രണ്ടത്താണി കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹറിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസ്വാമിയുടെ മോല്‍നോട്ടത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി കരിപ്പൂര്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Story highlights: abducted trader returned to home in Thamarassery

Next Story