'മര്‍ദ്ദനത്തിലൂടെ നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല'; അഗ്നിപഥ് പ്രതിഷേധം ശക്തമായി തുടരുമെന്ന് റഹീം
''പദ്ധതിക്കെതിരെ അതിശക്തമായ പ്രതിഷേധം ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ തുടരും.''
19 Jun 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സൈനിക സേവനത്തെ കരാര്‍വത്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും എംപിയുമായ എഎ റഹീം.
മര്‍ദ്ദനത്തിലൂടെ യുവാക്കളെ നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല. പദ്ധതിക്കെതിരെ അതിശക്തമായ പ്രതിഷേധം ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ തുടരും. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും റഹീം വ്യക്തമാക്കി. ഡല്‍ഹി പൊലീസ് ക്രൂരമായാണ് തന്നെ അടക്കമുള്ള നേതാക്കളെ മര്‍ദിച്ചതെന്നും റഹീം പറഞ്ഞു.
ഇന്ന് ഡിവൈഎഫ്എയും എസ്എഫ്ഐയും സംയുക്തമായി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തവരെയാണ് ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചത്. ജന്ദര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് നടന്ന മാര്‍ച്ചാണ് പൊലീസ് തടയുകയും നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിക്കുകയും ചെയ്തത്. പാര്‍ലമെന്റ് അംഗമാണെന്ന് പറഞ്ഞിട്ടും പൊലീസ് അക്രമം തുടരുകയായിരുന്നെന്നാണ് സംഭവത്തിന് പിന്നാലെ റഹീം പറഞ്ഞത്. ഐഷ ഘോഷ്, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് തുടങ്ങിയവരെയും പൊലീസ് മര്‍ദ്ദിച്ചു.