'ട്രാന്‍സ് വ്യക്തികള്‍ക്കുള്ള തടസം നീക്കണം, വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം'; കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് എ എ റഹീം
ഇന്ത്യയിലെ ആദ്യ ട്രാന്‍സമാന്‍ പൈലറ്റ് ആദം ഹാരിക്ക് നേരിടേണ്ടിവന്ന നിയമ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അതോടെയാണ് വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചത്
19 July 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ച് എഎ റഹീം എംപി. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പൈലറ്റാകുന്നതിലുള്ള തടസ്സങ്ങള്‍ നീക്കുക, വര്‍ദ്ധിച്ചു വരുന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം എന്നീ വിഷയങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുന്നതിനായിരുന്നു സന്ദര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെയാണ് വിവരം പങ്കുവച്ചത്.
ഇന്ത്യയിലെ ആദ്യ ട്രാന്‍സമാന്‍ പൈലറ്റ് ആദം ഹാരിക്ക് നേരിടേണ്ടിവന്ന നിയമ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അതോടെയാണ് വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചത്. ട്രാന്‍സ് വിഭാഗക്കാര്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ല എന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും എ എ റഹിം കുറിപ്പില്‍ പറയുന്നു. വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ധനയാണ് രണ്ടാമതായി ചൂണ്ടിക്കാണിച്ച വിഷയം. രാജ്യത്തിന്റെ വരുമാനത്തെ വരെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ചു.രണ്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു സന്ദര്‍ശനം.
ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പൈലറ്റാകാന്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു പ്രശ്നം.
ശ്രീ ആദം ഹാരിയുടെ അനുഭവം മാധ്യമങ്ങളില്‍ കണ്ട അവസരത്തിലാണ് വ്യോമയാന മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവരാന്‍ ശ്രമിച്ചത്.
ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരുതരത്തിലുള്ളവിവേചനവും ഉണ്ടാകില്ല എന്ന് മന്ത്രി ഉറപ്പ് നല്കി.
വിമാനടിക്കറ്റ് വര്‍ദ്ധനവ് ഗൗരവപ്രശ്നമാണ്.
രണ്ടാമത് ഉന്നയിച്ച പ്രശ്നം അതായിരുന്നു.ആഭ്യന്തര യാത്രക്കാര്‍ക്കും വിദേശത്തുള്ള പ്രവാസികള്‍ക്കും വിമാനയാത്രാനിരക്കിലുണ്ടാകുന്ന വലിയ വര്‍ദ്ധനവ് താങ്ങാനാകാത്തതാണ്.
വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്.നിരക്ക് നിയന്ത്രിക്കാനുള്ള അധികാരം ഇന്ന് കേന്ദ്ര സര്‍ക്കാരിന് ഇല്ലാതായിരിക്കുന്നു.
നവലിബറല്‍ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കാഴ്ചക്കാരായി മാറി.
പ്രവാസികളെയും,മറ്റ് വിമാന യാത്രക്കാരെയും മാത്രമല്ല,വിനോദ സഞ്ചാരത്തെയും അതിലൂടെ തൊഴില്‍ അവസരങ്ങളെയും രാജ്യത്തിന്റെ വരുമാനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് വിമാനയാത്രാടിക്കറ്റിലുണ്ടാകുന്ന നിരക്ക് വര്‍ദ്ധനവ്.
വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ അടിയന്തിരമായിഇടപെടണമെന്ന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.'
പൈലറ്റ് പരിശീലനം തുടരാനുള്ള അനുമതി നിഷേധിച്ചത് വാര്‍ത്തയായതിനു പിന്നാലെ ഡിജിസിഎ ആദം ഹാരിയോട് വീണ്ടും വൈദ്യ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡറായതുകൊണ്ട് ലൈസന്‍സ് നിഷേധിച്ചിട്ടില്ലെന്നും എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതയുണ്ടെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്കും ലൈസന്‍സ് അനുവദിക്കുമെന്നും ഡിജിസിഎ വിശദീകരിച്ചു.ഹോര്‍മോണ്‍ ചികിത്സ നടക്കുന്നതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്കാനാവില്ലെന്നായിരുന്നു ഡിജിസിഎ ആദ്യം പറഞ്ഞിരുന്നത്. 2020ലാണ് ആദം ഹാരി അപേക്ഷ നല്‍കിയത്. മാനസികനില പരിശോധനയടക്കം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആദം ഹാരി പറഞ്ഞിരുന്നു. ഹോര്‍മോണ്‍ റീപ്ലെയ്സ്മെന്റ് തെറാപ്പിയും ജെന്‍ഡര്‍ ഡിസ്ഫോറിയയുമാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്.
Story Highlights: AA Rahim MP meets central minister Jyothiradithya Sindhya