Top

'വെബ്‌സൈറ്റ് അപ്രത്യക്ഷം, 107 തവണ എഡിറ്റിംഗ്'; തീയതികള്‍ സഹിതം മാത്യുവിന്റെ ആരോപണങ്ങളെ നേരിട്ട് റഹീം, 'കള്ളം പറയാനും തയ്യാറെടുപ്പ് വേണം'

''ചാനല്‍ ചര്‍ച്ചയില്‍ മാത്യു തന്നെ പറയുന്നുണ്ട്. വീണയ്ക്ക് ഇതില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന്...''

29 Jun 2022 5:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെബ്‌സൈറ്റ് അപ്രത്യക്ഷം, 107 തവണ എഡിറ്റിംഗ്; തീയതികള്‍ സഹിതം മാത്യുവിന്റെ ആരോപണങ്ങളെ നേരിട്ട് റഹീം, കള്ളം പറയാനും തയ്യാറെടുപ്പ് വേണം
X

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം എംപി. ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന ഉടനാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതെന്ന മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റഹീം പറഞ്ഞു. വെബ്‌സൈറ്റ് അപ്രത്യക്ഷമായതും സ്വര്‍ണക്കടത്ത് വിവാദവും തമ്മില്‍ ഒരു ബന്ധവുമില്ല. ശുദ്ധ അസംബന്ധമാണ് മാത്യു പറയുന്നതെന്ന് റഹീം പറഞ്ഞു. സൈറ്റ് 107 തവണ എഡിറ്റ് ചെയ്‌തെന്ന ആരോപണവും തെറ്റാണെന്ന് റഹീം പറഞ്ഞു.

എഎ റഹീം പറഞ്ഞത്, പ്രസക്തഭാഗങ്ങള്‍: ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന ഉടന്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. അസംബന്ധമാണിത്. സ്വര്‍ണക്കടത്ത് പിടിക്കുന്നത് 2020 ജൂലൈ അഞ്ചിനാണ്. 13.4.2020നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020ല്‍ അത് തിരികെ വന്നു.

മാത്യു നിയമസഭയില്‍ പറഞ്ഞത് വിവാദമുണ്ടായ ഉടന്‍ സൈറ്റ് പോയെന്നാണ്. ഏത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം കേട്ടാല്‍ അറിയാം സ്വര്‍ണക്കടത്ത് തന്നെയാണ് അദ്ദേഹം ഉദേശിച്ചത്. എന്നാല്‍ ആ ഡേറ്റുമായി യാതൊരു ബന്ധവുമില്ല. ഡേറ്റുകള്‍ തമ്മില്‍ ബന്ധമില്ല. ശുദ്ധ അസംബന്ധമാണ് പറയുന്നത്.

ഇന്ന് അദ്ദേഹം വിശദീകരിച്ചു. സ്പ്രിംഗ്ലര്‍ വിവാദത്തിലാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതെന്ന്. അതും തെറ്റാണ്. മുഖ്യമന്ത്രിയുടെ മകളെ മുന്‍നിര്‍ത്തി ഈ അനാവശ്യ വിവാദം ആദ്യമായി ഉന്നയിച്ചത് പി.ടി തോമസാണ്. മരിച്ച ഒരാളെക്കുറിച്ച് കൂടുതല്‍ പോകുന്നില്ല. അദ്ദേഹം ഇത് ഉന്നയിക്കുന്നതും തമ്മിലും ഇതുമായി ബന്ധമില്ല. കള്ളം പറയുമ്പോള്‍ പോലും മാത്യുവിന് കുറച്ച് തയ്യാറെടുപ്പ് വേണം. പിടി തോമസ് സ്പ്രിംഗ്ലര്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നത് 2020 ഏപ്രില്‍ 18നാണ്. അതിനും മുന്‍പാണ് ഈ സൈറ്റ് അപ്രത്യക്ഷമായത്.

സൈറ്റ് ഏത് സാഹചര്യത്തിലാണ് ഡൗണായത്. പണം അടച്ചില്ല. കാലാവധി അവസാനിച്ചു, പുതുക്കിയില്ല. അതാണ് ആ ഡേറ്റിന് ഡൗണായത്. ഏത് സാഹചര്യത്തിലാണെന്ന വ്യക്തമാക്കുന്ന രേഖയുണ്ട്. ഞാനീ കാര്യം മാത്യുവിനോട് പറഞ്ഞു. വ്യക്തമായ ഉത്തരമില്ല. ആരോപണങ്ങളും വെബ്‌സൈറ്റ് പോയതും തമ്മിലൊരു ബന്ധവുമില്ല.

പിന്നെ മറ്റൊരു രസകരമായ കാര്യവുമായി വന്നു. പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പറയാന്‍ സാധിക്കുന്ന ഒരാളാണ് കുഴല്‍നാടന്‍. ആരോപണം വന്ന് സൈറ്റ് അപ്രത്യക്ഷമായതിനിടയില്‍ 107 തവണ എഡിറ്റ് ചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. 2014 ഡിസംബര്‍ 25 മുതല്‍ 2022 ജൂണ്‍ 29 വരെ കാലയളവിലാണ് എഡിറ്റ് ചെയ്യപ്പെട്ടത്. വസ്തുത ഇതായിരിക്കെ എന്തിനാണ് ഖദറിട്ട് പച്ചക്കള്ളം പറഞ്ഞത്.

ചാനല്‍ ചര്‍ച്ചയുടെ ഒടുവില്‍ മാത്യു തന്നെ പറയുന്നുണ്ട്. വീണയ്ക്ക് ഇതില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന്. അങ്ങനെയൊരു വാദം എനിക്കില്ലെന്നാണ് മനോരമ ചര്‍ച്ചയില്‍ മാത്യു പറഞ്ഞത്.

മുഖ്യമന്ത്രി പറഞ്ഞത് പോലെ നിങ്ങള്‍ രാഷ്ട്രീയം പറ. വ്യക്തികളെ എന്തിന് വലച്ചിഴക്കുന്നു. അത് ദുരുദ്ദേശപരമാണ്. ഇത് കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ല. തെറ്റായ കാര്യങ്ങള്‍ പറഞ്ഞതില്‍ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം.

Next Story