Top

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ഗാന്ധി

എസ്റ്റേറ്റുകള്‍ക്ക് മതിയായ വേലിയില്ലാത്തത് മൂലം വനമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുവാന്‍ കാരണമാകുന്നു

26 Oct 2022 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ഗാന്ധി
X

കല്പറ്റ: തുടര്‍ച്ചയായി വയനാട് ജില്ലയിലുണ്ടാവുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണവും വര്‍ധിച്ചു വരുന്നത് ഭീതി ജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജില്ലയില്‍ അടുത്തിടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവമുണ്ടായി. എസ്റ്റേറ്റുകള്‍ക്ക് മതിയായ വേലിയില്ലാത്തത് മൂലം വനമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുവാന്‍ കാരണമാകുന്നു. ദേശീയപാതയോട് ചേര്‍ന്നുള്ളതായതിനാല്‍ വാഹന യാത്രക്കാര്‍ക്കും വലിയ അപകടഭീക്ഷണി ഉയര്‍ത്തുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ പറഞ്ഞു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനും ഈ മേഖലയിലെ ജനങ്ങളുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിച്ച് സൈ്വരജീവിതം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സംബന്ധിച്ച് ബീനാച്ചിയിലെ അടിക്കാടുകളും പുല്ലും ഉടനടി വെട്ടി നീക്കണമെന്നും കുറഞ്ഞത് 15 അടി ഉയരത്തില്‍ ഇരുമ്പുവേലി സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ബത്തേരി മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാടും രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.

STORY HIGHLIGHTS: A permanent solution to wildlife attacks must be found; Rahul Gandhi sent a letter to the Chief Minister

Next Story