Top

'ഈ കണക്കിൽ ഫേസ്ബുക്കിലേ വണ്ടി ഓടൂ'; കെ റെയിലിനോട് കൊങ്കൺ റെയിൽ ലോക്കോ പൈലറ്റ്

അപ്പോഴേക്കും പലിശ കേറി കെ റെയിൽ സ്ഥാപനം ഒരു വഴിക്കാവും, അതുകൊണ്ട് സാറമ്മാര് ട്രെയിൻ സിമുലേറ്റർ വീഡിയോ ഗെയിം കൊണ്ട് തൃപ്തിപ്പെടൂ.

24 Jun 2022 6:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ കണക്കിൽ ഫേസ്ബുക്കിലേ വണ്ടി ഓടൂ; കെ റെയിലിനോട് കൊങ്കൺ റെയിൽ ലോക്കോ പൈലറ്റ്
X

തിരുവനന്തപുരം: കെ റെയിൽ ട്രെയിനുകളുടെ സ്പീഡിനെ കുറിച്ചും പാതയെക്കുറിച്ചും ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പിട്ട കെ റെയിലിന് കനത്ത മറുപടി നൽകി കൊങ്കൺ റെയിൽ ലോക്കോ പൈലറ്റ്. സ്റ്റോപ്പുകളില്ലെങ്കിൽ ട്രെയിനുകൾ 200 കിമീ സ്പീഡിൽ ഓടുമെന്ന കെ റെയിൽ അതോറിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് ലോക്കോ പൈലറ്റായ അനൂപ് അങ്ങാടിപ്പുറം വിമർശിച്ച് കമന്റിട്ടിട്ടുളളത്. പരമാവധി വേഗം 200 വെച്ചാൽ നിങ്ങളീ പറയുന്ന ശരാശരി വേഗം 140 ഒക്കെ കിട്ടും. പക്ഷേ കെ റെയിൽ നിരത്തിയ കണക്കുകൾ വെച്ച് ഫേസ്ബുക്കിലേ വണ്ടി ഓടുകയൊളളുവെന്ന് കമന്റിൽ പറയുന്നു.

താൻ ജോലി ചെയ്യുന്ന കൊങ്കൺ റെയിൽവേയിൽ മംഗലാപുരം മുതൽ ഗോവ വരെ 310 കിലോമീറ്റർ ആണ് ദൂരം. പരമാവധി വേഗം 110 മാത്രം ഉണ്ടായിട്ടും രണ്ട് സ്റ്റോപ്പുള്ള തീവണ്ടി സ്റ്റോപ്പ് മാത്രം കണക്കിലെടുത്ത് ഓടിച്ചാൽ 3 മണിക്കൂർ 30 മിനുട്ടിൽ എത്തും. ഇങ്ങനെ ഒരുപാട് പ്രാവശ്യം എത്തിയിട്ടുമുണ്ട്. എന്നാൽ കെ റെയിൽ പറയുന്ന 200ൽ ഓടുന്ന വണ്ടി ഒന്ന് അധികമായി ബ്രേക്കിട്ടാൽ വരുന്ന ആനുപാതിക സമയ നഷ്ടം ഒന്ന് കണക്കാക്കണം, പുതിയ പാതയുണ്ടാക്കി പിറ്റേ ദിവസം മുതൽ 200ൽ വണ്ടി ഓടിക്കാമെന്നത് വെറും സ്വപ്നമാണെന്നും ലോക്കോ പൈലറ്റ് ചൂണ്ടിക്കാട്ടി.





പശ്ചിമഘട്ടത്തിന്റെ അതേ കാലാവസ്ഥയുളള തീരഭൂമിയായ കേരളത്തിൽ സിൽവർ ലൈനിനായി ട്രാക്കുണ്ടാക്കാനായി മണ്ണിട്ട് സ്ഥലം നികത്തി എംബാക്ക്മെൻ്റ് ഉണ്ടാക്കണം. അത് സ്റ്റേബിളായി വരാൻ തന്നെ സമയമെടുക്കും. ആദ്യഘട്ടത്തിൽ 200 പരമാവധി വേഗത ലഭിക്കണമെങ്കിൽ 300 പരമാവധി വേഗതക്ക് പര്യാപ്തമായ നിർമ്മിതി വേണമെന്നും ലോക്കോ പൈലറ്റ് കമന്റിൽ വ്യക്തമാക്കുന്നു. മണ്ണിന്റെ ഘടന വെച്ച് ഘട്ടം ഘട്ടമായേ വേഗത ഉയർത്താൻ സാധിക്കൂ. അപ്പോഴേക്കും പലിശ കേറി കെ റെയിൽ സ്ഥാപനം ഒരു വഴിക്കാവും, അതുകൊണ്ട് സാറമ്മാര് ട്രെയിൻ സിമുലേറ്റർ വീഡിയോ ഗെയിം കൊണ്ട് തൃപ്തിപ്പെടുവെന്നും ലോക്കോ പൈലറ്റ് വിമർശിച്ചു.




ലോക്കോ പൈലറ്റിന്റെ ഫേസ്ബുക്ക് കമന്റിന്റെ പൂർ‌ണ രൂപം,

310 കിലോമീറ്റർ ആണ് ഞാൻ ലോക്കോ പൈലററ് ജോലി നോക്കുന്നതും ,ട്രെയിൻ ഓടിക്കുന്നതുമായ കൊങ്കൺ റെയിൽവേയിൽ മംഗലാപുരം മുതൽ ഗോവ വരെ ഉള്ള ദൂരം. പരമാവധി വേഗം 110 മാത്രം ഉണ്ടായിട്ടും രണ്ട് സ്റ്റോപ്പുള്ള തീവണ്ടി സ്റ്റോപ്പ് മാത്രം കണക്കിലെടുത്ത് ഓടിച്ചാൽ 3 മണിക്കൂർ 30 മിനുട്ടിൽ എത്താൻ സാധിക്കും നിലവിലെ സാധിക്കും നിലവിലെ സാഹചര്യത്തിൽ,ഒരു പാട് പ്രാവശ്യം എത്തിയിട്ടും ഉണ്ട്.

110 പരമാവധി വേഗം നിശ്ചയിച്ച് 90 KM ആവറേജ് സ്പീഡ് .അങ്ങനെ ആകുമ്പോൾ പരമാവധി വേഗം 200 വെച്ചാൽ നിങ്ങളീ പറയുന്ന ശരാശരി വേഗം 140 ഒക്കെ കിട്ടും. പക്ഷേ നിങ്ങളീ പറയുന്ന കണക്ക് വെച്ച് ഫേസ് ബുക്കിലേ വണ്ടി ഓടൂ സാറേ. 200ൽ ഓടുന്ന വണ്ടി ഒന്ന് അധികമായി ബ്രേക്കിട്ടാൽ വരുന്ന ആനുപാതിക സമയ നഷ്ടം ഒന്ന് കണക്കാക്കൂ. പിന്നെ ഒരു പുതിയ പാത ഉണ്ടാക്കി പിറ്റേ ദിവസം മുതൽ 200ൽ വണ്ടി ഓടിക്കാം എന്നൊക്കെ വെറും സ്വപ്നം മാത്രമാണ്.

160 Km ph ബുള്ളറ്റ് ട്രെയിൻ ട്രയൽ ഓടിയ ട്രാക്കാണ് കൊങ്കൺ റെയിൽവേ. പിന്നെ മഴയും, മഞ്ഞും, വെയിലും ഒക്കെ ആയി മാറുന്ന കാലാവസ്ഥ ഉള്ള അതേ പശ്ചിമഘട്ട ,തീരഭൂമി തന്നെ ആണ് കേരളം. പാറപ്പുറത്ത് അല്ല സിൽവർ ലൈനിൻ്റെ ട്രാക്ക് ഇടുന്നത്. മണ്ണിട്ട് സ്ഥലം നികത്തി എംബാക്ക്മെൻ്റ് ഉണ്ടാക്കി ആണ്. ട്രാക്ക് സ്റേറബിൾ ആകാൻ ധാരാളം സമയം എടുക്കും.

അതു കൊണ്ട് ആദ്യഘട്ടത്തിൽ 200 പരമാവധി വേഗത ലഭിക്കണമെങ്കിൽ 300 പരമാവധി വേഗതക്ക് പര്യാപ്തമായ നിർമ്മിതി വേണം. ഘട്ടം ഘട്ടമായേ വേഗത ഉയർത്താൻ സാധിക്കൂ കേരളത്തിലെ മണ്ണിൻ്റെ ഘടന വെച്ച്. അപ്പോഴേക്കും പലിശ കേറി ഈ സ്ഥാപനോം ഒരു വഴിക്കാവും ' അതു കൊണ്ട് സാറമ്മാര് ട്രെയിൻ സിമുലേറ്റർ വീഡിയോ ഗെയിം കൊണ്ട് തൃപ്തിപ്പെട്.

STORY HIGHLIGHTS: a Konkan Rail Loco Pilot Criticizing K Rail Development Corporation

Next Story