Top

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ പാട്ട തുക നല്‍കാന്‍ കഴിഞ്ഞില്ല; കൃഷിയിടത്തില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു

ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്

2 Feb 2023 4:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ പാട്ട തുക നല്‍കാന്‍ കഴിഞ്ഞില്ല; കൃഷിയിടത്തില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു
X

രാജാക്കാട്: രാജാക്കാട് പനച്ചിക്കുഴുയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. കട ബാധ്യതമൂലം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റ ശേഷം രാജാക്കാട് മുല്ലക്കാനത്തേക്ക് താമസം മാറിയത്. മുല്ലക്കാം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായ ആറേക്കറോളം ഭൂമി ലീസിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു രാജേന്ദ്രന്‍. മുല്ലക്കാനത്തെ വാടക വീട്ടിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്.

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിയാതെ രാജേന്ദ്രന്‍ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം പകല്‍ പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രന്‍ വൈകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിലെ ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുഞ്ചിത്തണ്ണിയിലെ ബന്ധു വീട്ടില്‍ സംസ്‌കരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: A farmer was found hanging dead in a leased farm in Rajakkad

Next Story