Top

'വായനാട്ടിലുണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം'; അക്രമത്തിൽ അപലപിച്ച് എ എ റഹീം

എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും അതിനെ തള്ളിപ്പറയുന്നെന്നും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.

24 Jun 2022 10:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വായനാട്ടിലുണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം; അക്രമത്തിൽ അപലപിച്ച് എ എ റഹീം
X

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ അപലപിച്ച് എംപിയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമായ എ എ റഹീം. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് വായനാട്ടിലുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ അപലപിച്ച് ഡിവൈഎഫ്ഐയും ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എംപിയുടെ വയനാട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമാവുകയായിരുന്നു.

ഓഫീസ് ഫർണിച്ചറുകൾ അടിച്ചു തകർത്ത പ്രവർത്തകർ​ ഗാന്ധിജിയടക്കമുളളവരുടെ ഫോട്ടോ തകർക്കുകയും ഓഫീസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റ ഡിവൈഎസ്പിയടക്കമുളള പൊലീസുകാ‍ര്‍ നോക്കിനിൽക്കെയാണ് പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചതെന്ന് അ​ഗസ്റ്റിൻ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും അതിനെ തള്ളിപ്പറയുന്നെന്നും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പറഞ്ഞു. ഒറ്റപ്പെട്ട സംഭവം ഉയര്‍ത്തി എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: A A Rahim Condemns SFI Demolishing Rahul Gandhi Office in Wayanad

Next Story