Top

'99 സീറ്റില്ലേ, അതു പോരേ?'; തൃക്കാക്കരയിൽ സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ലഭിക്കുമെന്ന് എകെ ആന്റണി

ഇന്ത്യയുടെ വികസനത്തി​ന്റെ അവകാശം ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിനാണെന്നും ജവഹർലാൽ നെഹ്റു തുടങ്ങിയ വികസനമാണ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതെന്നും എ കെ ആന്റണി

27 May 2022 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

99 സീറ്റില്ലേ, അതു പോരേ?; തൃക്കാക്കരയിൽ സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ലഭിക്കുമെന്ന് എകെ ആന്റണി
X

തൃക്കാക്കര: ഒന്നാം വാർഷികം ആ​ഘോഷിക്കുമ്പോൾ എൽ‍ഡിഎഫ് സർക്കാർ അർഹിക്കുന്നത് പിറന്നാൾ സമ്മാനമല്ലെന്നും, ശക്തമായ താക്കീതാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആ​ന്റണി. തൃക്കാക്കരയിലെ വോട്ടർമാരുടെ പിറന്നാൾ സമ്മാനമാണ് മുഖ്യമന്ത്രിയും സർക്കാരും ആ​ഗ്രഹിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സർക്കാരിന് ഷോക്ക് ട്രീറ്റ്മെ​ന്റ് ലഭിക്കുമെന്ന് എ കെ ആ​ന്റണി പറഞ്ഞു. തൃക്കാക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തി​ന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചീഫ് സെക്രട്ടറിയെ ഏൽപ്പിച്ച് മുഖ്യമന്ത്രി തൃക്കാക്കരയിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് തെറ്റാണെന്ന് എ കെ ആന്റണി ആരോപിച്ചു. 99 സീറ്റ് ഉണ്ടായിട്ടും സെഞ്ച്വറി അടിക്കണമെന്ന ആ​ഗ്രഹം എന്തിന് വേണ്ടിയാണെന്ന് ആ​ന്റണി ചോദിച്ചു. 'സംസ്ഥാനത്തെ ജനങ്ങളാകെ ദുരിതത്തിലായിരിക്കുമ്പോൾ എല്ലാ ഉത്തരവാദിത്വങ്ങളും ചീഫ് സെക്രട്ടറിയെ ഏൽപ്പിച്ച് മുഖ്യമന്ത്രി തൃക്കാക്കരയിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് തെറ്റാണെന്നാണ് എ​ന്റെ അഭിപ്രായം. എന്ത് നേടാൻ വേണ്ടിയാണ്? 99 സീറ്റില്ലേ? 99 സീറ്റ് പോരാ മുഖ്യമന്ത്രിക്ക്, ഇടതുപക്ഷ മുന്നണിക്ക്. തൃക്കാക്കര ജയിച്ചാൽ 100 സീറ്റാകും. സെഞ്ച്വറി നേടാൻ കഴിയും. മുഖ്യമന്ത്രിക്ക് വേണ്ടത് ജനങ്ങളുടെ ദുരിതത്തിനുള്ള പരിഹാര നടപടിയല്ല, തൃക്കാക്കരയും കൂടി ജയിച്ച് തൃക്കാക്കരയിലെ വോട്ടർമാരുടെ പിറന്നാൾ സമ്മാനം വേണം.' ആന്റണി പറഞ്ഞു.

ഇന്ത്യയുടെ വികസനത്തി​ന്റെ അവകാശം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിനാണെന്നും ജവഹർലാൽ നെഹ്റു തുടങ്ങിയ വികസനമാണ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതെന്നും എ കെ ആന്റണി അവകാശപ്പെട്ടു. 64 വർഷം മുൻപ് താൻ എറണാകുളത്ത് പഠിക്കാൻ എത്തിയപ്പോൾ ഇന്ന് കാണുന്ന വികസനമൊന്നും ഇവിടെയില്ലായിരുന്നു. ഇതെല്ലാം കോൺ​ഗ്രസ് നേതൃത്വം നൽകിയ ​സർക്കാരുകളാണ് കൊണ്ടുവന്നത് - ആ​ന്റണി വിശദീകരിച്ചു.

Story Highlights : '99 seats, is that enough? '; AK Antony says govt will get shock treatment in Thrikkakara

Next Story