മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് മലയാളി യുവതിയുടെ 22 ലക്ഷം തട്ടിയെടുത്തു; മൂന്ന് ത്രിപുര സ്വദേശികൾ അറസ്റ്റിൽ
യുഎൻ മിഷനിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
19 March 2023 4:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് മലയാളി യുവതിയുടെ 22 ലക്ഷം തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ത്രിപുര സ്വദേശികളായ കുമാർ ജമാത്യ (36), സൂരജ് ദബർണ (27), സജിത് ജമാത്യ (40 എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനെന്ന പേരിൽ പല തവണകളായി യുവതിയിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്.
യുഎൻ മിഷനിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിവാഹ വാഗ്ദാനം നൽകിയ പ്രതികൾ വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ് നമ്പറും നൽകി. തുടർന്ന് വാട്സ് ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചു. പണം ആവശ്യപ്പെടുകയും ചെയ്തു. തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി സൈബർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അന്വേഷണത്തിൽ പണമയച്ചു കൊടുത്ത ബാങ്ക് അക്കൗണ്ട് ത്രിപുരയിലേതാണെന്ന് കണ്ടെത്തി. തുടർന്ന് ത്രിപുരയിലേക്കും അന്വേഷണം നീളുകയായിരുന്നു. ഹൈദരാബാദ്, ബെംഗളൂരു കേന്ദ്രീകരിച്ചുളള ചില അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ അഗർത്തലയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്ത് എത്തിക്കും.
STORY HIGHLIGHTS: 22 lakhs stolen from Malayali woman after meeting through matrimonial site arrested