'ക്രിമിനുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രി'; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് സതീശൻ

നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച സതീശൻ അക്രമികൾക്ക് അഴിഞ്ഞാടുന്നതിനുള്ള രാഷ്ട്രീയ സംരക്ഷണമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകളെന്നും ആരോപിച്ചു
'ക്രിമിനുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രി'; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന്  സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐയെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും ക്രിമിനുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു. നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച സതീശൻ അക്രമികൾക്ക് അഴിഞ്ഞാടുന്നതിനുള്ള രാഷ്ട്രീയ സംരക്ഷണമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകളെന്നും ആരോപിച്ചു. നിങ്ങള്‍ മാറില്ല, നിങ്ങള്‍ തിരുത്തില്ല എന്നുള്ള മുഖ്യമന്ത്രിയുടെ ഉറച്ച പ്രഖ്യാപനമാണ് നടന്നത്. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് മുഖ്യമന്ത്രി നൽകിയോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. അമ്പതോളം പൊലീസുകാരുടെ കൺമുന്നിൽ വെച്ച് എംഎൽഎയെ കയ്യേറ്റം ചെയ്തു. സിദ്ധാർത്ഥന്റെ സംഭവം ഉണ്ടായപ്പോൾ അത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നാണ് കേരള മനഃസാക്ഷി കരുതിയത്. എന്നാൽ പിന്നീടും ഒരു വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ കൊണ്ടുപോയി വിചാരണ നടത്തി. ആരാണ് ക്യാമ്പസുകളിലെ ഇരുണ്ട മുറിയിലേക്ക് കൊണ്ടുപോയി ക്രൂരകൃത്യം നടത്താൻ ലൈസൻസ് നൽകിയതെന്നും സതീശൻ ചോദിച്ചു.

ആശുപത്രിയിൽ കൊണ്ടു പോകേണ്ട വിദ്യാർത്ഥിയെ എന്തിനാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്? ആ പൊലീസ് സ്റ്റേഷനിലേക്ക് എന്തിനാണ് എസ്എഫ്ഐക്കാർ വീണ്ടും എത്തിയത്? മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചും കെഎസ് യുക്കാരെ എസ്എഫ്ഐ ഗുണ്ടകൾ ആക്രമിച്ചു. ക്രിമിനലുകൾ പിന്നാലെ നടന്ന് കയ്യേറ്റം ചെയ്യുകയാണ്. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻക്യുബേറ്ററിൽ വിഹരിക്കുന്ന ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ. പ്രിൻസിപ്പലിന്റെ രണ്ട് കാലും വെട്ടിയെടുക്കുമെന്ന് ഒരു എസ്എഫ്ഐ നേതാവ് പറഞ്ഞു. പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന് പറഞ്ഞില്ലേ. ഇത് കേരളമാണോയെന്നും അദ്ദേഹം ചോദിച്ചു.

'ഇടതുപക്ഷ അധ്യാപക സംഘടനയിൽ 29 വർഷം പ്രവർത്തിച്ച ആളാണ് ആലത്തൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായത്. നിങ്ങൾ കൊടുത്തതാണ്. ഫാസിസ്റ്റ് കഴുകക്കൂട്ടങ്ങൾ എന്നാണ് എസ്എഫ്ഐയെക്കുറിച്ച് ജനയുഗം പോലും എഴുതിയത്. എസ്എഫ്ഐയുടെ മർദ്ദനമേറ്റ് ദിവസങ്ങളോളം എഐഎസ്എഫുകാരൻ ആശുപത്രിയിൽ കഴിഞ്ഞു. പി കൃഷ്ണപിള്ള സ്മാരകം തല്ലിത്തകർത്തത് ആരാ? നിങ്ങൾ തന്നെയല്ലേ', പ്രതിപക്ഷ നേതാവ് ചോദിച്ചു.

എസ്എഫ്ഐയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിലേക്ക് പോകുന്നു. ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും.താൻ മഹാരാജാവാണ് എന്നൊരു തോന്നൽ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കും. നിങ്ങൾ മഹാരാജാവ് അല്ല മുഖ്യമന്ത്രിയാണ്, ആ ഓർമ്മവേണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com