'മലപ്പുറത്തെ അപമാനിക്കാനുള്ള ശ്രമം'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ രണ്ടംഗ സമിതിയെ തള്ളി മുസ്ലിം ലീഗ്

ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും കാർത്തികേയൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ തന്നെ മലപ്പുറത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
'മലപ്പുറത്തെ അപമാനിക്കാനുള്ള ശ്രമം'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ രണ്ടംഗ സമിതിയെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹാരത്തിന് സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിയെ തള്ളി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മറ്റി സമർപ്പിച്ച ശുപാർശകൾ തന്നെ നടപ്പിലാക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. രണ്ടംഗ കമ്മീഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയാണ്. കാർത്തികേയൻ കമ്മിറ്റി വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും കാർത്തികേയൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ തന്നെ മലപ്പുറത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മുസ്ലിം ലീഗ് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ നൽകുന്ന ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തിയുള്ള കമ്മീഷനുകളെ നിയോഗിക്കുന്നതിൽ അർത്ഥവുമില്ലെന്നും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വ്യക്തമാക്കി. പുതിയ കമ്മീഷൻ പഠനം തുടങ്ങുന്നതിന് മുമ്പ് മലപ്പുറത്ത് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മുൻകൂർ പ്രസ്താവന നാടകമാണെന്നതിന്റെ തെളിവെന്നും വിമർശനം. ബാച്ചുകൾ അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും, പരിഹാരം വേണ്ടത് താൽക്കാലികമല്ലെന്നും മുസ്ലിം ലീഗ് കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സർക്കാർ മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത്. സമിതി ജൂലൈ അഞ്ചിനകം റിപ്പോർട്ട്‌ നൽകണം. ഇതിൻറെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. അധിക ബാച്ചുകൾ വേണോ എന്നതും തീരുമാനിക്കും. മലപ്പുറം ആർഡിഡിയും ഹയർ സെക്കൻ്ററി ജോയിൻ്റ് ഡയറക്ട്ടറും സമിതി അംഗങ്ങളാണ്.

ആദ്യം കാർത്തികേയൻ കമ്മിറ്റി ഇല്ലെന്ന് പറഞ്ഞ മന്ത്രി പിന്നീട് വിഷയത്തിൽ മലക്കം മറിഞ്ഞു. കമ്മിറ്റിയുണ്ടെന്ന് സമ്മതിച്ച മന്ത്രി കമ്മിറ്റികൾ പല ശിപാർശകളും നൽകുമെന്നും അതെല്ലാം നടപ്പിലാക്കാൻ കഴിയില്ലെന്നും പറഞ്ഞു. കിട്ടുന്ന റിപ്പോർട്ടുകൾ ഒക്കെ നടപ്പാക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

15 വിദ്യാർത്ഥി സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കാസർഗോഡ് 252 സീറ്റുകളും പാലക്കാട്‌ 1757 സീറ്റുകളും കുറവാണ്. ബാക്കി ജില്ലയിലെ കുറവുള്ള സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റോടുകൂടി പരിഹരിക്കും. മലപ്പുറം ജില്ലയിലെ വിഷയ കോമ്പിനേഷൻ പരിശോധന നടത്തി. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ കുറവാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റുകൾ അധികമാണെന്നും ചർച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com