റാക്ക് കാലി, വരുമാനം ഇടിഞ്ഞു; വാർഷികാഘോഷം മുടക്കാതെ സപ്ലൈകോ

ജൂണ്‍ 25 ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക.
റാക്ക് കാലി, വരുമാനം ഇടിഞ്ഞു; വാർഷികാഘോഷം മുടക്കാതെ സപ്ലൈകോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ആഘോഷം മുടക്കാതെ സപ്ലൈകോ. സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലളിതമായ ആഘോഷ ചടങ്ങുകളാണ് സംഘടിപ്പിക്കുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

ജൂണ്‍ 25 ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനമുണ്ട്. എന്നാല്‍ വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്നും ലളിതമായ ചടങ്ങുകള്‍ മാത്രമാണുള്ളതെന്നും സപ്ലൈകോ മാനേജ്‌മെന്റ് വിശദീകരിച്ചു.

വിപണി ഇടപെടല്‍ ലക്ഷ്യം വെച്ച് 1974ലാണ് സര്‍ക്കാര്‍ സപ്ലൈകോ സ്ഥാപിച്ചത്. ഓരോ മാസവും 231 കോടി ശരാശരി വരുമാനമുണ്ടായിരുന്നത്, ഇപ്പോള്‍ 100 കോടിയില്‍ താഴെയായി കുറഞ്ഞുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമസഭയെ അറിയിച്ചിരുന്നു. വില കൂട്ടിയെങ്കിലും മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് പത്തുമാസം കഴിഞ്ഞു. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല്‍ വിതരണക്കാര്‍ സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകുന്നുമില്ല.

സാധനങ്ങള്‍ ഇല്ലാതെ സപ്ലൈകോ സ്റ്റോറുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന് എന്ത് പ്രസക്തി എന്ന വിമർശനം ഉയരുന്നുണ്ട്. പൊതുവിതരണ സംവിധാനത്തെ ശാക്തീകരിക്കാന്‍ അടിയന്തര ഇടപെടലുകളും ഉണ്ടാകണമെന്നും ഉപഭോക്താക്കള്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com