പത്തനംതിട്ട: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് എന്നിവരുടെ സംസ്ക്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ എട്ടരയോടെ സിബിൻ ടി എബ്രഹാമിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂർ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വർഗീസിൻ്റെ സംസ്ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.
കുഞ്ഞിൻ്റെ ഒന്നാം പിറന്നാളിന് വരുന്ന ഓഗസ്റ്റ് 18 ന് നാട്ടിലെത്താനിരിക്കെയായിരുന്നു സിബിൻ ടി എബ്രഹാമിനെ മരണം കവർന്നത്. കഴിഞ്ഞ 8 വർഷമായി സിബിൻ കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് എബ്രഹാം മാത്യു ജോലി ചെയ്തിരുന്ന അതേ കമ്പനിയിൽ തന്നെ മകൻ സിബിനും ജോലി ലഭിക്കുകയായിരുന്നു. തീ പിടുത്തം ഉണ്ടാകുന്നതിന് മണികൂറുകൾക്ക് മുമ്പ് സിബിൻ പിതാവുമായും ഭാര്യയുമായും ഫോണിൽ സംസാരിച്ചിരുന്നു. സജു വർഗീസ് 20 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഒടുവിലായി നാട്ടിലെത്തിയത്.