
മലപ്പുറം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവംബർ 16ന് ന്യൂഡൽഹിയിൽ നടക്കും. സമ്മേളനം താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് സംഘടിപ്പിക്കാൻ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി( പിഎസി) അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിൽ തീരുമാനമായി. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ദേശീയ സമ്മേളനം ഉജ്ജ്വല വിജയമാക്കാനുളള പ്രവർത്തനങ്ങൾക്ക് പിഎസി യോഗം രൂപം നൽകി. രാവിലെ 10.30ന് ആരംഭിച്ച് 7 മണിക്ക് സമാപിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ദേശീയ തലത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി നേടിയെടുത്ത സംഘടനാ കരുത്ത് വിളിച്ചറിയിക്കുന്ന പ്രൗഢമായ സമ്മേളനമാകും ഡൽഹിയിൽ നടക്കുക. രാജ്യവ്യാപകമായി പുരോഗമിക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ പുരോഗതി യോഗം വിലയിരുത്തി. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാന തല നേതൃയോഗങ്ങൾ പൂർത്തിയായി. ഒക്ടോബർ അവസാനത്തോടെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഈ സമ്മേളനങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നവംബർ 16-ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നേരത്തെ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ച കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും സംസ്ഥാന കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സാരഥികളാണ് ഡൽഹി സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്. നവംബർ 17-ന് രാവിലെ 10.30ന് ദേശീയ കൗൺസിൽ ചേർന്ന് വരും കാലത്തേക്കുള്ള രാഷ്ട്രീയ പ്രമേയങ്ങൾക്ക് അംഗീകാരം നൽകും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജജമാക്കാനുളള ചർച്ചകൾക്ക് ദ്വിദിന സമ്മേളനം വേദിയാകും. പാർട്ടിയുടെ രാഷ്ട്രീയ സന്ദേശം രാജ്യമാകെ വ്യാപിപ്പിക്കാൻ ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ സോഫ്റ്റ് ലോഞ്ചിങ്ങും ഈ സമ്മേളനത്തിൽവെച്ച് നടക്കും.
പിഎസി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ വിശകലനവും സംഘടനാ റിപ്പോർട്ടിംഗും നിർവ്വഹിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ബിൽഡിംഗ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ബിൽഡിംഗ് കമ്മിറ്റി കൺവീനർ കൂടിയായ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി അവതരിപ്പിച്ചു. ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, അസി. സെക്രട്ടറിമാരായ സി കെ സുബൈർ, എം പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് ഹർഷദ് എന്നിവർ സംസാരിച്ചു.